കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലും പോലീസ് കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ പിക്കറ്റ് പോസ്റ്റുകളും പോലീസ് പട്രോളിംഗും ശക്തമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ സ്റ്റേഷനുകള്‍ക്കു നിര്‍ദേശം നല്കി.
കണ്ടെയ്ൻമെന്റ് സോണുകളില്‍ വാഹന ഗതാഗത നിയന്ത്രണങ്ങളും രാത്രികാല വാഹന പരിശോധനയും പോലീസ് കര്‍ശനമാക്കും. കോവിഡ് – 19 പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത ഷോപ്പുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കും.
പൊതുസ്ഥലങ്ങളിലും ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥപനങ്ങളിലും അനാവശ്യ തിരക്കും ആള്‍ക്കൂട്ടവും നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന പരിശോധന നടത്തും. മാസ്കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹ്യഅകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല.
രണ്ടുമീറ്റര്‍ അകലം പാലിക്കാതെയും സാനിറ്റൈസര്‍ ലഭ്യമാക്കാതെയുമിരുന്നാല്‍ വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് നിയമപ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് അറിയിച്ചു.