Uncategorized

‘കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി പഠിച്ച് വളരട്ടെ’; സ്‌കൂളിൽ സൂംബ പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: സ്‌കൂളില്‍ സൂംബ പരിശീലിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാസര്‍കോട് ജില്ലയിലെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള സൂംബ പരിശീലനത്തിന്റെ വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്. കുഞ്ഞുങ്ങള്‍ കളിച്ച് ചിരിച്ച് രസിച്ച് ആരോഗ്യമുള്ളവരായി പഠിച്ച് വളരട്ടെയെന്ന അടിക്കുറിപ്പോടെയാണ് മന്ത്രി സോഷ്യല്‍മീഡിയയില്‍ സ്റ്റോറി പങ്കുവെച്ചത്.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ പരിശീലനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂളില്‍ കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അത് കുട്ടികളെ ഡിജെ പാര്‍ട്ടിയിലേക്കും ലഹരി പാര്‍ട്ടിയിലേക്കും എത്തിക്കുമെന്നുമായിരുന്നു വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് പറഞ്ഞത്.

യോജിക്കാന്‍ കഴിയാത്ത ആളുകളില്‍ പോലും സൂംബ അടിച്ചേല്‍പ്പിക്കുകയാണ്. കുട്ടികളെ സംസ്‌കാര സമ്പന്നരായി വളര്‍ത്തുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ലഹരി ഉപയോഗിക്കരുത്. സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്‍പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം.കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്‍പര്യമില്ല’ എന്നും ടി കെ അഷ്‌റഫ് അഭിപ്രായപ്പെട്ടു.

എന്നാല്‍ ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാമെന്നും അതിനെ മറ്റൊരുതരത്തിലും വ്യാഖ്യാനിക്കരുതെന്നും പിന്നാലെ വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും വകുപ്പ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button