Uncategorized

മാവോയിസ്റ്റ് രൂപേഷിനെതിരെ ക‍ർണാടകയിൽ പുതിയ കേസ്; ജയിൽ മോചനം അനന്തമായി നീട്ടാനുള്ള ഭരണകൂട ​ഗൂഢാലോചനയെന്ന് ഷൈന

കൊച്ചി: ജയിൽ മോചനം അടുത്തിരിക്കുന്ന ഘട്ടത്തിൽ ക‍ർണാടകയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത് മാവോയിസ്റ്റ് തടവുകാരൻ രൂപേഷിനെ അനന്തമായി ജയിലിൽ അടയ്ക്കാനുള്ള ​ഭരണകൂട ​ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാണിച്ച് പങ്കാളി ഷൈന രം​ഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഷൈന രൂപേഷിനെ അനന്തമായി ജയിലിൽ അടയ്ക്കാനുള്ള ​ഗൂഢാലോചന നടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാൽ നടപ്പിലാക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകൾ ചുമത്തിയും അനാവശ്യവും തീർത്തും നിസ്സാരവുമായ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയും രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്ന തരത്തിൽ ഇടപെട്ടു കൊണ്ട് ഭരണകൂടം രൂപേഷിൻ്റെ മോചനത്തെ പരമാവധി വൈകിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിൻ്റെ ജാമ്യ ബോണ്ട് ഒപ്പിടുവിക്കാനായി ഞങ്ങൾ ഓടി നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ കർണ്ണാടകയിൽ നിന്നും ഈ പുതിയ കേസ് വരുന്നതെന്നും’ ഷൈന ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രൂപേഷ് ജാമ്യത്തിൽ ഇറങ്ങുന്നത് വൈകിക്കാനുള്ള നീക്കത്തിന് ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കിയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഷൈന കുറ്റപ്പെടുത്തുന്നത്. 2012-ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മോചനം ഏറെക്കുറെ ഉറപ്പായ ഒരു ഘട്ടത്തിൽ 13 വർഷത്തിനു ശേഷമാണ് രൂപേഷിനെ ഈ കേസിൽ പ്രതി ചേർക്കുന്നതെന്നും ഷൈന കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരണകൂട ഗൂഢാലോചനയാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നതെന്നും ഇത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും നീതി നിഷേധവുമാണെന്നും ഷൈന വ്യക്തമാക്കുന്നുണ്ട്.

2016-ഓടുകൂടി ഇന്ത്യയിൽ നിന്നും മാവോയിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള, ഓപ്പറേഷൻ കഗാറിൻ്റെ ഭാഗമായി ആദിവാസി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന, അമിത് ഷായുടെ ഫാസിസ്റ്റ് നയങ്ങളുടെ തുടർച്ചയാണ് രൂപേഷിനെ പോലെ ജനങ്ങളുടെ പക്ഷത്തുനിന്നു പോരാടുന്ന ഒരു വിപ്ലവകാരിയെ അനന്തമായി ജയിലിൽ അടച്ചുപൂട്ടിയിടുന്നതെന്നും’ കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്. അനീതി നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവുമായ ഈ നടപടിക്കെതിരെ ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യസ്നേഹികളും രം​ഗത്തിറങ്ങണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ഷൈന ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button