കണ്ണൂർ: 60 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സോൺ നാലിന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നി ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചാരണ ജാഥ എട്ടിന് കാസർഗോഡ് നിന്ന് ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.കെ. ബാവ ഫ്ലാഗ് ഓഫ് ചെയ്യും. ഒന്പതിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. ജില്ലയിലെ രണ്ടു ദിവസത്തെ പര്യടനത്തിനു ശേഷം വയനാട്ടിലേക്ക് കടക്കും. 12ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് കെ. ജോസ് അധ്യക്ഷത വഹിക്കും.
വൺ ഇന്ത്യ വൺ പെൻഷൻ ഉന്നയിക്കുന്ന ആവശ്യങ്ങളോട് എല്ലാ രാഷ്ട്രീയ പാർട്ടികളും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, തളിപ്പറന്പ് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണ നൽകുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് സി. സജീവൻ, സെക്രട്ടറി എം. നദീം, വി.സഹദേവൻ, പ്രവീൺ യാദവ് എന്നിവർ പങ്കെടുത്തു.