കൊട്ടിയൂർ വൈശാഖോത്സവം; നീരെഴുന്നള്ളത്ത് നടന്നു

കൊട്ടിയൂർ : വൈശാഖോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നടന്നു. അടിയന്തിര യോഗക്കാരുടെയും ആചാര്യന്മാരുടെയും സ്ഥാനികരുടെയും സമുദായിയുടെയും പടിഞ്ഞീറ്റയുടെയും നേതൃത്വത്തിൽ കൂവയിലയിൽ ബാവലിതീർഥം കൊണ്ടുപോയി സ്വയംഭൂവും പരിസരവും ശുദ്ധിയാക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.
ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, ആശാരി, കൊല്ലൻ സ്ഥാനികൾ ചേർന്ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയിലെ ആയില്യാർകാവിന്റെ പ്രവേശനകവാടത്തിന് മുന്നിലും മന്ദംചേരി ബാവലിപ്പുഴക്കരയിലും തണ്ണീർക്കുടി ചടങ്ങ് നടത്തി. സമുദായി സ്ഥാനികൻ കാലടി കൃഷ്ണമുരളി നമ്പൂതിരിയുടെയും പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരിയുടെയും നേതൃത്വത്തിൽ മന്ദംചേരിയിൽ കൂവയില പറിച്ചെടുത്ത് ബാവലിക്കരയിൽ എത്തി. ഒറ്റപ്പിലാനും പുറങ്കലയനും ജന്മാശാരിയും ആദ്യം അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ചു. തുടർന്ന് ബാവലിയിൽനിന്ന് കൂവയിലയിൽ ശേഖരിച്ച തീർഥവുമായി സമുദായിയുടെയും പടിഞ്ഞീറ്റയുടെയും നേതൃത്വത്തിലുള്ള സംഘവും അക്കരെ പ്രവേശിച്ചു. പടിഞ്ഞീറ്റ നമ്പൂതിരി സ്വയംഭൂവിലും മണിത്തറയിലും ബാവലിതീർഥം തളിച്ചു. രാത്രി ഇക്കരെ കൊട്ടിയൂരിലെ ആയില്യാർകാവിൽ പൂജയും അപ്പടനിവേദ്യവും നടന്നു.
കൂത്തുപറമ്പ് പുറക്കളം തിരൂർകുന്ന് ഗണപതിക്ഷേത്ര ത്തിൽനിന്ന് മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം വിളക്കുതിരികളുമായി എത്തിയതോടെയാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ തുടങ്ങിയത്. എള്ളണ്ണയുമായി പടുവിലായി കിള്ളിയോട് തറവാട്ടിൽ നിന്നുള്ള സംഘവും എത്തി.
എട്ടിന് നെയ്യാട്ടത്തോടെയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്. ഒൻപതിന് ഭണ്ഡാരമെഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീർവെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണർതം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ. നാലിന് തൃക്കലശാട്ട്.




