Uncategorized

‘നാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗം’, മധുസൂദനനെതിരെ കുഞ്ഞികൃഷ്ണൻ

കണ്ണൂര്‍: സിപിഐഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ വിമര്‍ശനവുമായി മുന്‍ സിപിഐഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍. മധുസൂദനന്റെ കൊലവിളി പ്രസംഗം നിസ്സാരമായി കാണാന്‍ നമുക്ക് സാധിക്കില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാട്ടില്‍ വീണ്ടും ഭീതി പടര്‍ത്തി തന്റെ നഷ്ടപ്പെട്ട സ്വാധീനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മധുസൂദനന്റെ കൊലവിളി പ്രസംഗം. കോടതി വിധിയോടുള്ള വിയോജിപ്പ് എന്നതിലുപരി ആക്രമത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു മധുസൂദനന്‍ നടത്തിയത്. പയ്യന്നൂരില്‍ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായി മറ്റൊരു അഭിപ്രായമോ നിലപാടോ ഉണ്ടാകരുതെന്ന അധികാരമനോഭാവമാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയിലൂടെ പരസ്യമായി പുറത്തുവന്നതെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.ടി ഐ മധുസൂദനന്റെ അക്രമോത്സുക രാഷ്ട്രീയത്തിനും അതിലൂടെ സ്വന്തം രാഷ്ട്രീയവും വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഓരോ കാലഘട്ടത്തിലും യുവാക്കളെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും അവരുടെ കായികശേഷിയെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അധികാര സംരക്ഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നതാണ് ടി ഐ മധുസൂദനന്റെ രാഷ്ട്രീയ രീതിയോടുള്ള തന്റെ പ്രധാന വിമര്‍ശനം. അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ താന്‍ പലവട്ടം ഉന്നയിച്ചതുമാണ്. അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുക മാത്രമല്ല, അവരെ തനിക്ക് വിധേയത്വമുള്ളവരായി നിലനിര്‍ത്താന്‍ അവര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക വഴി പയ്യന്നൂരിലെ സിപിഐഎമ്മിനെ സ്വന്തം സ്വകാര്യ സംരംഭമായി കൊണ്ടുപോകുകയാണ് മധുസൂദനന്‍ ചെയ്തത്. ഇങ്ങനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന ആളുകള്‍ക്ക് പക്ഷെ ഒരു കമ്മ്യൂണിസ്റ്റിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ ബോധമോ, പ്രത്യയശാസ്ത്രമോ, ആശയ ധാരണയോ, ജനങ്ങളോട് ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ല. മറിച്ച് ടി ഐ മധുസൂദനന്‍ എന്ന തൊഴില്‍ ധാതാവിനോടുള്ള വിധേയത്വമായിരുന്നു പ്രധാനമെന്നും കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ഇതിലൂടെ പയ്യന്നൂരിലെ സിപിഐഎം ഘടകത്തിന്റെ സംഘടനാ സ്വഭാവത്തില്‍ തന്നെ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചു. ജനാധിപത്യപരമായ ആഭ്യന്തര സംവാദങ്ങള്‍ക്കും പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കേണ്ട ഒരു പ്രസ്ഥാനം, വ്യക്തികേന്ദ്രീകൃതമായ അധികാരപ്രയോഗങ്ങളുടെയും ആശ്രിത രാഷ്ട്രീയത്തിന്റെയും അക്രമ സംസ്‌കാരത്തിന്റെയും വേദിയായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യം മാറിയതിനെതിരെയായിരുന്നു തന്റെ പോരാട്ടം. അതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണിപ്പോള്‍ പരസ്യമായി കൊലവിളി പ്രസംഗം നടത്തിയതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.രാഷ്ട്രീയ വാർത്തകൊലവിളിക്കുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ സ്വഭാവമല്ല, മറിച്ച് മാടമ്പിത്തത്തിന്റെയും വ്യക്തികേന്ദ്രീകൃത അധികാര പ്രയോഗത്തിന്റെയും രാഷ്ട്രീയമാണ്. അതാണ് ഇന്നലെ മറനീക്കി പുറത്തുവന്നത്. മാനവികതയെ പറ്റി വാചാലരാകുന്ന സിപിഐഎമ്മിനും ഇതേ നിലപാട് തന്നെയാണോ ജനങ്ങളോട് പറയാനുള്ളതെന്ന് ഇനി വ്യക്തമാക്കേണ്ടത് പാര്‍ട്ടിയാണ്. മധുസൂദനന്റെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് നിയമപരമായ പരിശോധനയും ആവശ്യമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം പയ്യന്നൂരില്‍ സമാധാനപരമായ സാമൂഹിക ജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് വീണ്ടും ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഒരു വ്യക്തിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറമാണ് ഒരു സമൂഹത്തിന്റെ സമാധാനവും ജനാധിപത്യപരമായ അവകാശങ്ങളും. അത് ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ പോരാട്ടം അവസാനിക്കുന്നില്ല. ഇത് തുടരുമെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button