Uncategorized

ടി വി തോമസിനെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാക്കി; ചിന്ത വാരിക പുന്നപ്ര വയലാർ പ്രത്യേക പതിപ്പിനെ ചൊല്ലി CPI-CPIM തർക്കം

ആലപ്പുഴ: ചിന്ത വാരികയിലെ പുന്നപ്ര വയലാര്‍ പ്രത്യേക പതിപ്പിനെ ചൊല്ലി സപിഐ – സിപിഐഎം തര്‍ക്കം. ‘കേരളത്തെ പിടിച്ചു കുലുക്കിയ ആറ് ദിനം’ എന്ന പ്രത്യേക പതിപ്പിനെ ചൊല്ലിയാണ് വിവാദം. ചിന്ത വാരികയില്‍ അച്ചടിച്ചിട്ടുള്ള ഫോട്ടോയില്‍ സമര നായകന്‍ കെ കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി വി തോമസിന്റേത് ഒന്‍പതാമതുമായി നല്‍കിയത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിന്റെ ഭഗമെന്നാണ് വിമര്‍ശനം. പുന്നപ്ര വയലാര്‍ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. തോമസ് ഐസക്ക് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചു എന്നാണ് സിപിഐ നേതാവ് ടി ജെ ആഞ്ചലോസിന്റെ കുറ്റപ്പെടുത്തല്‍. സമര ചരിത്രത്തെ വികൃതമാക്കാനും വെട്ടി മുറിക്കാനും ഐസക്ക് ശ്രമിച്ചു. ചിന്താ വാരികയില്‍ ടി വി തോമസിന് നല്‍കിയത് ഗസ്റ്റ് ആര്‍ട്ടിസ്റ്റിന്റെ റോള്‍ ആണെന്നും സിപിഐ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

പുന്നപ്ര വയലാറിന്റെ ചരിത്രം, സമരം, രക്തസാക്ഷികള്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സിപിഐ ചൂണ്ടിക്കാട്ടുന്നത്. സമര നായകരുടെ ചിത്രങ്ങള്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. 1946 ലെ തൊഴിലാളി പണിമുടക്കോടെയാണ് പുന്നപ്ര വയലാര്‍ സമരത്തിന് തുടക്കമാകുന്നത്. ടി വി തോമസ് പ്രസിഡന്റായ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സിലിലാണ് (എടിടിയുസി) ഇതിന് തീരുമാനമെടുത്തത്. സര്‍ സിപിയുടെ വസതിയായ ഭക്തി വിലാസത്തില്‍ നടന്ന ചര്‍ച്ചയില്‍, 4,000 പട്ടാളക്കാരുടെയും 8,000 പൊലീസുകാരുടെയും മേധാവിയാണ് താനെന്ന് അലറിയ സി പിയുടെ മുഖത്തു നോക്കി ‘എങ്കില്‍ നമുക്ക് കാണാം’ എന്ന് പ്രഖ്യാപിച്ചത് ടി വി തോമസാണെന്നും ആഞ്ചലോസ് ഒര്‍മപ്പെടുത്തി.അറസ്റ്റിലായതിന് ശേഷം വിചാരണ വേളയില്‍ സമരത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം, തനിക്ക് വധശിക്ഷ നല്‍കിയാലും നിരപരാധികളെ വിട്ടയയ്ക്കണമെന്ന ധീരമായ നിലപാടാണ് സ്വീകരിച്ചത്. ടി വി തോമസ് സമരത്തിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റല്ല, റിയല്‍ ഹീറോ യാണെന്നും ടി ജെ ആഞ്ചലോസ് പറഞ്ഞു. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഒക്ടോബര്‍ 27ന് സ്ഥാപിക്കുന്ന ഔരേയൊരു ഫോട്ടോ സമര നായകന്‍ സി കെ കുമാരപ്പണിക്കരുടേതാണ്. അദ്ദേഹത്തിന്റെ തറവാട് പൊളിച്ച് പട്ടാളക്കാര്‍ പക വീട്ടിയിരുന്നു. അങ്ങനെയുള്ള സമര നായകന്റെ ഫോട്ടോ എട്ടാമത് ചേര്‍ത്തതിന് വിശദീകരരണം നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ വിവാദം അനാവശ്യം എന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ നിലപാട്. 3000 വാക്കുകളില്‍ ഒരു സമര ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാം പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നും ഐസക്ക് പറഞ്ഞു. പണിമുടക്കിന് തീരുമാനമെടുത്തത് ടി വി തോമസ് പ്രസിഡന്റായ എടിടിയു കൗണ്‍സിലാണ് എന്നാണ് ആഞ്ചലോസ് പറയുന്നത്. അത് കൃത്യമായി ചിന്താ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ഭക്തിവിലാസത്തില്‍ വെച്ചുള്ള ത്രികക്ഷി യോഗത്തില്‍ വെച്ച് സി പി രാമസ്വാമി അയ്യരെ വെല്ലുവിളിച്ചത് ടി വി തോമസ് തന്നെയായിരുന്നു. അതുകൊണ്ടാണ് ഏതാണ്ട് അര പേജ് വരുന്ന ഭക്തിവിലാസത്തിലെ യോഗത്തിന്റെ ചിത്രത്തില്‍ ടി വിയുടെ സാന്നിധ്യം പ്രത്യേകം അടിക്കുറിപ്പായി നല്‍കിയതെന്നും ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

അറുപതോളം സമരനായകരുടെ ഫോട്ടോ നല്‍കിയതില്‍ സി കെ കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി വി തോമസിന്റേത് ഒമ്പതാമതും ആണത്രേ നല്‍കിയത്. പി കൃഷ്ണപിള്ള ഒഴികെയുള്ള നേതാക്കളുടെ ചിത്രങ്ങള്‍ അക്ഷരമാലാക്രമത്തിലാണ് ഡയറക്ടറിയില്‍ നല്‍കിയിട്ടുള്ളതെന്നും തുടങ്ങി ഒരോ വിമര്‍ശനത്തിനും തോമസ് ഐസക്ക് മറുപടി നല്‍കി. അന്ന് സിപിഐഎം-സിപിഐ രണ്ട് പാര്‍ട്ടികള്‍ അല്ലല്ലോ. ‘ചിന്ത’യിലെ പ്രതിപാദനത്തിന്റെ പ്രത്യേകത അത്തരം പരിഗണനകളില്ലാതെ ചരിത്രം പറഞ്ഞു എന്നുള്ളത് തന്നെയാണ്. ആര്‍ക്കു വേണമെങ്കിലും ചിന്താ പതിപ്പും മറ്റു പ്രസിദ്ധീകരണങ്ങളുമായി താരതമ്യപ്പെടുത്തി നോക്കാവുന്നതാണെന്നും തോമസ് ഐസക്ക് വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button