മിഷൻ സമുദ്ര’ പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ “മിഷൻ സമുദ്ര’യാണ് മുഖ്യമന്ത്രി പ്രധാനമായും പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചത്.
വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്രവ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം അനുബന്ധ വികസനപ്രവർത്തനങ്ങൾക്കുമായി 12 സുപ്രധാന പദ്ധതികൾക്ക് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ പിന്തുണ തേടി. കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉത്പാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ-വിമാനത്താവള വികസനം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ആകെ 1,03,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരം നൽകണമെന്നും വിവിധ കേന്ദ്ര പദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ജിഡിപി കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുക, അധികവൈദ്യുതി അനുവദിക്കുക, വൈദ്യുതിമേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാനസൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിച്ചു.




