Uncategorized

ശ്രീകാര്യത്തെ 17കാരന്റെ മരണം: ബെൽറ്റും ഫോണും അടക്കമുള്ള നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: പാങ്ങപ്പാറയിലെഅഭിറാം കൊലപാതക കേസില്‍ കൊല്ലപ്പെട്ട അഭിറാമിന്റെ ബെല്‍റ്റും ഫോണും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെടുത്തത്. സാധനങ്ങളെല്ലാം കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. അഭിറാമിന്റെ ഷര്‍ട്ടും അഭിറാമിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാലയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

രണ്ടാം പ്രതി ഉമര്‍, രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നു പേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. അഭിറാമിന്റെ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു.

നവംബര്‍ രണ്ടിനായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറം ലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒന്നാം പ്രതിയായ 17 കാരനും രണ്ടാം പ്രതിയായ ഉമറും നേരത്തെ ആസൂത്രണം ചെയ്തായിരുന്നു അഭിറാമിനെ കൊലപ്പെടുത്തിയത്. രണ്ടാം പ്രതിയായ ഉമറിന് കൊലപാതകത്തില്‍ വലിയ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തെ തന്നെ മോഷണ കേസുകളില്‍ പ്രതിയായ 22 വയസുകാരനായ ഉമറിന്റെ സഹായി കൂടിയായിരുന്നു ഒന്നാം പ്രതിയായ 17 വയസുകാരന്‍. 18 വയസിനു താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് പലപ്പോഴും ഉമര്‍ മോഷണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകന്‍ ഉമറാണെന്ന് ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ മൊഴി നല്‍കിയിരുന്നു. ഈ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button