പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം; മേയർ മാപ്പ് പറയണം, പ്രതിഷേധവുമായി മാനവീയം സാംസ്കാരിക കൂട്ടായ്മ

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ മാനവീയം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം. മേയർ വിവി രാജേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രഷേധം. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു. കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചായിരുന്നു പ്രതിഷേധം. മാനവീയത്ത് സാംസ്കാരിക കൂട്ടായ്മയുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതിലാണ് പ്രതിഷേധം.
മാനവീയം സാംസ്കാരിക കൂട്ടായ്മകളുടെ രജത ജൂബിലി പ്രമാണിച്ചാണ് പുഷ്പവതിയുടെ പരിപാടി സംഘടിപ്പിച്ചിരുന്നത്.എന്നാൽ ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പരിപാടിക്ക് അനുമതി നൽകിയില്ല. അനുമതി ആവശ്യപ്പെട്ട സാംസ്കാരിക കൂട്ടായ്മ അപേക്ഷ നൽകിയെങ്കിലും മേയർ അനുമതി നൽകിയില്ലായിരുന്നു. എല്ലാ പരിപാടികൾക്കും അനുമതി നൽകാൻ ആകില്ലെന്നായിരുന്നു മേയറുടെ വാദം. മാ നവീയം വീഥി ആർക്കും എന്തും നടത്താനുള്ള ഇടമല്ലെന്നാണ് മേയർ വി വി രാജേഷിന്റെ നിലപാട്.
അനുമതി നിഷേധിച്ചു എന്ന് ആരോപിക്കുന്ന സംഘടനയുടെ പരിപാടി നടത്താനുള്ള അപേക്ഷ കോർപ്പറേഷന് ലഭിച്ചിട്ടില്ലെന്നും മേയർ വി വി രാജേഷ് പറഞ്ഞു. മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മാനവിയത്ത് ഇന്നലെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നാടൻ പാട്ട് കലാകാരന്മാരും പിന്നണി ഗായകരെയും ഉൾപ്പെടുത്തിയായിരുന്നു പരിപാടി. വരുംദിവസങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും എന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.




