Uncategorized

ഭീകരസംഘങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ​ഗുരുമൂർത്തി; മുംബൈയിൽ പിടിയിലായ യഷ് സിങ്ങിന് 25,000 രൂപ പ്രതിഫലം; എന്തിന് ഒറ്റപ്പാലത്ത് എത്തി?

തൃശ്ശൂർ: യുഎപിഎ ചുമത്തി ഒറ്റപ്പാലത്തുനിന്ന് അറസ്റ്റ് ചെയ്ത ​തമിഴ്നാട് തിരുനെൽവേലി സ്വദേശി ​ഗുരുമൂർത്തിക്കെതിരേ കൂടുതൽ കണ്ടെത്തലുകൾ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങും ​ഗുരുമൂർത്തിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ ജൂത പൗരന്മാരുടെ വിവരങ്ങളും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ ചിത്രങ്ങളും പകർത്തി അയച്ചതിന് പിടിയിലായ യഷ് സിങ്ങിനെ ഇതിനായി റിക്രൂട്ട് ചെയ്തത് ​ഗുരുമൂർത്തിയാണെന്നാണ് പ്രധാന കണ്ടെത്തൽ. മുംബൈയിലെ ജൂതരുടെ വിവരങ്ങൾ ശേഖരിച്ചതിന് യഷ് സിങ്ങിന് പലതവണയായി 25,000 രൂപയാണ് ​ഗുരുമൂർത്തി പ്രതിഫലമായി നൽകിയതെന്നും പൊലീസ് പറയുന്നു.

ഭീകരസംഘങ്ങൾക്കായി യുവാക്കളെ കണ്ടെത്തുന്നതും പണം നൽകി ഇവരെ ദൗത്യമേൽപ്പിക്കുമെന്നതും ​ഗുരുമൂർത്തിയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ​ഗുരുമൂർത്തി ഏറെക്കാലം മുംബൈയിലായിരുന്നു താമസം. മുംബൈയിൽ ഫോട്ടോ​ഗ്രാഫറായി പ്രവർത്തിച്ച് ഇയാൾ ശൃംഖല വിപുലമാക്കി. നാലുമാസം മുൻപാണ് താൻ ഒറ്റപ്പാലത്ത് വന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ​ഗുരുമൂർത്തി കേരളത്തിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇത് എന്തിന് വേണ്ടിയായിരുന്നു എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

ആറ് ബാങ്ക് അക്കൗണ്ടുകളാണ് ​ഗുരുമൂർത്തിയുടെ കൈവശമുള്ളത്. ഇതിലെ പണമിടപാടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ ​ഗുരുമൂർത്തിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് പണമെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ലോറൻസ് ബിഷ്ണോയി സംഘം ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ​ഗുരുമൂർത്തിക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെത്തുടർന്ന് ഒറ്റപ്പാലത്തെ കടയിൽ ജോലിചെയ്തുവന്നിരുന്ന ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ​ഗുരുമൂർത്തിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് നവിമുംബൈ സ്വദേശിയായ യഷ് സിങ്ങിനെ(20) മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) മുംബൈയിൽനിന്ന് പിടികൂടിയത്. മുംബൈയിലെ ജൂതസമൂഹവുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും ഭീകരസംഘങ്ങൾക്ക് കൈമാറിയതിനാണ് ഇയാൾ പിടിയിലായത്. ടെല​ഗ്രാം ആപ്പ് വഴിയാണ് ഇയാൾ ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. മുംബൈയിൽ പിടിയിലായ യഷ് സിങ്ങിനെ പിന്നീട് തൃശ്ശൂരിൽനിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു. അതിനിടെ, കൊച്ചിയിലെ സിന​ഗോ​ഗ് ആക്രമണക്കേസിലെ പ്രതിയായ എബിൻ പോളുമായും ​ഗുരുമൂർത്തിക്ക് ബന്ധമുണ്ടായിരുന്നതായും കരുതുന്നുണ്ട്.

അതിനിടെ തിങ്കളാഴ്ച ​ഗുരുമൂർത്തിയെ ഒറ്റപ്പാലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ​ഗുരുമൂർത്തി ജോലിചെയ്തിരുന്ന ഒറ്റപ്പാലം തൃക്കലങ്ങോട്ടെ വ്യാപാരസ്ഥാപനത്തിലാണ് തെളിവെടുപ്പ് നടന്നത്. കഴിഞ്ഞ ഏഴുമാസത്തോളമായി ഇയാൾ ഇവിടെ ജോലിചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. യുഎപിഎ കേസിൽ അറസ്റ്റിലായ ​ഗുരുമൂർത്തിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരുന്നത്. പിന്നീട് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ​ഗുരുമൂർത്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലേക്കും മുംബൈയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button