വി കുഞ്ഞികൃഷ്ണന് അനുഭാവിയുടെ ഷെഡ്ഡിന് തീയിട്ടു; ടി ഐ മധുസൂദനന്റെ ആറിവോടെയെന്ന് ആരോപണം

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ ഷെഡ്ഡിന് തീയിട്ടതായി പരാതി. ഇയാള്‍ ചെമ്മീന്‍ കൃഷിയുടെ ഭാഗമായി നിര്‍മിച്ചിരുന്ന ഷെഡ്ഡിനാണ് തീയിട്ടത്. ടി പുരുഷോത്തമന് എന്നയാളുടെ ഷെഡ്ഡിന് നേരെയാണ് ആക്രമണമുണ്ടായത്. മുന്‍പ് പുരുഷോത്തമന്റെ കാറിനും ആക്രമികള്‍ തീയിട്ടിരുന്നു. പയ്യന്നൂരിലെ മുന്‍ സിപിഐഎം നേതാവാണ് പുരുഷോത്തമന്. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡാണ് നശിപ്പിച്ചത്. ഇതിന് തൊട്ടടുത്താണ് കൃഷിയുള്ളത്. ഷെഡ്ഡിന്റെ ഭൂരിഭാഗവും കത്തി നശിച്ച നിലയിലാണ്. ആക്രമണം നടത്തിയത് ആരാണെന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം സിപിഐഎമ്മിനെതിരെ പുരുഷോത്തമന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പയ്യന്നൂര്‍ മുല് എംഎല്‍എ ടിഐ മധുസൂദനന് പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തങ്ങക്ക് നേരെ ഉണ്ടായ കൊലവിളികളില്‍ പ്രതികരിച്ചാണ് പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമന് പറഞ്ഞു. ഇതിന് പിന്നാലയാണ് ആക്രമണം ഉണ്ടായതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കൂടാതെ ചെമ്മീന്‍ കൃഷിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ടോ എന്ന സംശയവം ഇദ്ദേഹം പങ്കുവെക്കുന്നുണ്ട്.രാവിലെ കൃഷി നോക്കാനായി പുരുഷോത്തമന് എത്തിയപ്പോഴായിരുന്നു സംഭവം അറിയുന്നത്. സ്ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. മുന്‍പ് വീടിന്റെ ചില്ലടക്കം വാളുപയോഗിച്ച് തകര്‍ത്തിരുന്നതായും പുരുഷോത്തമന് പറഞ്ഞു. ടി ഐ മധുസൂദനന്റെ ആറിവോടെയാണ് ആക്രമണം നടന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസിന് പരാതി നല്കിയരിക്കുകയാണ്.




