കൊലക്കേസിൽ 14 വർഷം ജയിൽവാസം അനുഭവിച്ച നഴ്സിന് മോചനം; വഴിതിരിവായത് യഥാർഥ പ്രതിയുടെ കുറ്റസമ്മതവും പുതിയ തെളിവുകളും

റോം: അയൽവാസിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് 25 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന നഴ്സ് മോണിക്ക ബുസെട്ടോ 14 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിതയായി. ട്രെന്റോ അപ്പീൽ കോടതി ഈ കേസിന്റെ പുനഃപരിശോധനാ ഹർജി അംഗീകരിച്ചതിനെ തുടർന്നാണ് മോചനം സാധ്യമായത്.
2012 ഡിസംബറിലാണ് ഇറ്റലിയിലെ മെസ്ട്രെയിൽ ലിഡ ടാഫി പമിയോ എന്ന സ്ത്രീയെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ അയൽവാസിയായ നഴ്സ് മോണിക്ക ബുസെട്ടോയെ പൊലിസ് അറസ്റ്റ് ചെയ്യുകയും കോടതി കുറ്റക്കാരിയായി കണ്ടെത്തി 25 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
മോണിക്ക ശിക്ഷിക്കപ്പെട്ട് മൂന്ന് വർഷത്തിന് ശേഷം 100 യൂറോ കടം തിരികെ ചോദിച്ചദിനു ഫ്രാൻസെസ്ക വിയാനെല്ലോ എന്ന മറ്റൊരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. ഈ കേസിൽ അറസ്റ്റിലായ സുസന്ന മില്ലി ലസാരിനി എന്ന സ്ത്രീ, താൻ തന്നെയാണ് ലിഡ ടാഫി പമിയോയെയും കൊലപ്പെടുത്തിയതെന്ന് പൊലിസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.
ഇതിനുപുറമെ, ഒരു ടിവി ഷോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ പുതിയ തെളിവുകളും കേസിൽ നിർണായകമായി. മോണിക്കയിൽ നിന്ന് പിടിച്ചെടുത്ത നെക്ലേസും സംഭവസമയത്ത് ഇരയുടെ കൈവശമുണ്ടായിരുന്ന നെക്ലേസും തമ്മിൽ വലിപ്പത്തിലും രൂപത്തിലും തികച്ചും വ്യത്യാസമുണ്ടെന്ന് ഈ അന്വേഷണത്തിൽ വ്യക്തമായി.
കൂടാതെ, കേസ് അന്വേഷണത്തിനിടയിൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും നഴ്സിന്റെ അഭിഭാഷകൻ സ്റ്റെഫാനോ ബുസെട്ടോ വ്യക്തമാക്കി.
“ഞങ്ങൾ എപ്പോഴും നിയമത്തിൽ വിശ്വസിച്ചിരുന്നു. ഇപ്പോൾ നമ്മൾ മോണിക്കയോട് ‘വൈകിയതിന് മാപ്പ്’ എന്ന് പറയേണ്ടിയിരിക്കുന്നു,” അഭിഭാഷകൻ സ്റ്റെഫാനോ ബുസെട്ടോ പ്രതികരിച്ചു. പുതിയ തെളിവുകളുടെയും യഥാർഥ പ്രതിയുടെ കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തിൽ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.




