മോദിയും ട്രംപും നാളെ കൂടിക്കാഴ്ച നടത്തിയേക്കും; ക്വാഡ് ഉച്ചകോടി നാളെ വൈകിട്ട് നാലിന്, പ്രധാനമന്ത്രി രണ്ട് മണിയോടെ മനിലയിലെത്തും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നാളെ മനിലയിൽ കൂടിക്കാഴ്ച നടത്തിയേക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാവും മോദി-ട്രംപ് ഹ്രസ്വ ചർച്ച. കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ അല്പസമയത്തിനകം പ്രധാനമന്ത്രി മനിലയിൽ എത്തും. രാവിലെ 8 മണിക്കാണ് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലേക്ക് തിരിച്ചത്.
നാളെ കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന് ചർച്ചകൾ നടക്കും. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ക്വാഡ് കൂട്ടായ്മയുടെ യോഗം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ഈ വർഷം ഇന്ത്യയിൽ നടക്കേണ്ട ഉച്ചകോടി നാളെ മനിലയിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ക്വാഡ് ഉച്ചകോടിയെക്കുറിച്ച് യാത്ര തിരിക്കുന്നതിനു മുമ്പുള്ള ട്വീറ്റിൽ പ്രധാനമന്ത്രി പരാമർശിച്ചില്ല.
എന്നാൽ ക്വാഡ് ഉച്ചകോടി നാളെ നടക്കും എന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 4ന് നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് മുമ്പ് പ്രധാനമന്ത്രിയും ഡോണൾഡ് ട്രംപും ചർച്ച നടത്തും എന്നാണ് സൂചന. ഇന്ത്യ-യുഎസ് വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ ചർച്ചയാവും. അമേരിക്ക, റഷ്യ, ചൈന ഉച്ചകോടി നടക്കുന്നതിന് മുമ്പാണ് ഡൊണാൾഡ് ട്രംപ് മനിലയിൽ എത്തുന്നത്. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് കൂട്ടായ്മ തുടങ്ങിയത്. ചൈനയിൽ എത്തുന്നതിനു മുമ്പ് ക്വാഡ് കൂട്ടായ്മയിൽ ട്രംപ് പങ്കെടുക്കുന്നത് വ്യക്തിപരമായ നിലപാടിനപ്പുറം ഇൻഡോ-പസഫിക് മേഖലയിലെ യുഎസ് നയം കാര്യമായി മാറുന്നില്ല എന്ന സന്ദേശം നൽകുന്നതാണ്. അടുത്ത മാസം ജി 20 യോഗത്തിനായി മോദി അമേരിക്കയിലേക്ക് പോകുന്നുണ്ട്.




