Uncategorized

കണ്ണപുരത്ത് അർദ്ധരാത്രിയിൽ നഗ്നനായെത്തി സാമൂഹികവിരുദ്ധന്റെ പരാക്രമം: ജനങ്ങൾ ഭീതിയിൽ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണപുരം: പ്രദേശത്ത് അർദ്ധരാത്രികളിൽ നഗ്നനായെത്തി പരിഭ്രാന്തി സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധന്റെ ശല്യം രൂക്ഷമാകുന്നു. കണ്ണപുരം യോഗശാലയ്ക്കും കള്ളുഷാപ്പിനും ഇടയിലുള്ള ജനവാസ മേഖലകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളുടെ അതിക്രമം തുടരുന്നത്.
അർദ്ധരാത്രിയോടെ വീട്ടുപരിസരങ്ങളിൽ അതിക്രമിച്ച് കയറുന്ന ഇയാൾ ജനലുകളിൽ ശക്തിയായി കൊട്ടി ശബ്ദമുണ്ടാക്കി വീട്ടുകാരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. വസ്ത്രങ്ങളൊന്നുമില്ലാതെ പൂർണ്ണ നഗ്നനായാണ് ഇയാൾ വീടുകളിലേക്ക് എത്തുന്നത്. ശബ്ദം കേട്ട് നാട്ടുകാർ സംഘടിച്ചെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രദേശത്തെ ഇടവഴികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മെലിഞ്ഞ് ഉയരമുള്ള ശരീരപ്രകൃതിയുള്ള ഇയാൾ മുഖവും തലയും തുണികൊണ്ട് പൂർണ്ണമായി മൂടിക്കെട്ടിയ നിലയിലാണ് രാത്രികാലങ്ങളിൽ എത്തുന്നത്.

സിസിടിവി ദൃശ്യങ്ങളിലുള്ളയാളുടെ ശരീരപ്രകൃതിയോ നടപ്പുരീതിയോ കണ്ട് ആർക്കെങ്കിലും ഇയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് നാട്ടുകാരും പോലീസും അഭ്യർത്ഥിച്ചു. പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button