Uncategorized

വിവരാവകാശത്തിന്‍റെ എണ്ണം കൂടിയാല്‍ വിജിലന്‍സ് അന്വേഷണം; വിചിത്ര തീരുമാനവുമായി കൊച്ചി കോര്‍പറേഷന്‍ കൊച്ചി ബ്യൂറോ

കൊച്ചി: അസാധാരണ സ്വഭാവത്തോടെ നിശ്ചിത എണ്ണത്തിലധികം വിവരാവകാശ അപേക്ഷ നല്‍കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുമായി കൊച്ചി കോര്‍പറേഷന്‍. തുടര്‍ച്ചയായി പരാതികള്‍ ഉന്നയിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണത്തിനായി വിജിലന്‍സിനു കൈമാറാന്‍ ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിവിവരാവകാശ നിയമം ദുരുപയോഗം ചെയ്ത് അഴിമതിക്കും സാമ്പത്തിക തട്ടിപ്പിനുമായി കോക്കസു പോലെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ മേയറുടെ നേതൃത്വത്തില്‍ ഈ അസാധാരണ തീരുമാനം കൈക്കൊണ്ടത്.

കോര്‍പറേഷനില്‍ ഒരു പരിധിയില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ച് പരാതികള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവരുടെ കൃത്യമായ കണക്കുകളും പേരു വിവരങ്ങളും വിജിലന്‍സിന് കൈമാറും. ഇത്തരക്കാരുടെ പ്രധാന ഉപജീവനമാര്‍ഗം, സാമ്പത്തിക സ്രോതസ്, മറ്റ് തൊഴില്‍ പശ്ചാത്തലങ്ങള്‍ എന്നിവയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെടാനാണ് കൗണ്‍സില്‍ യോഗത്തില്‍ ധാരണയായത്.

വിവരാവകാശ അപേക്ഷകളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ പേരില്‍ കൃത്യമായി തയാറാക്കിയ പരാതികള്‍ നല്‍കി ചിലര്‍ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി സോണിലെ വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തിലും, വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ പിടിയിലായ അഴിമതി കേസുകളിലും ഇത്തരം വിവരാവകാശ ദുരുപയോഗത്തിന്റെ വിവരങ്ങള്‍ വിജിലന്‍സ് തദ്ദേശ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ക്കും ഇത്തരം മാഫിയകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

അനാവശ്യ വിവരാവകാശ പരാതിക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്ന കൗണ്‍സിലര്‍ ജിസണ്‍ ജോര്‍ജിന്‍റെ ആരോപണത്തിലാണ് നടപടി. പരാതി നല്‍കാനുള്ള പൗരന്മാരുടെ അവകാശം ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് പറഞ്ഞ് എല്‍ഡിഎഫ് തീരുമാനത്തെ ശക്തമായി എതിര്‍ത്തെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല. വിവരാവകാശ നിയമത്തെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ ഭീഷണിപ്പെടുത്താനോ ആയി ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button