Uncategorized

പരിചയത്തിലുള്ള യുവതിയുടെ മകളുടെ ചിത്രങ്ങൾ കൈക്കലാക്കി, മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചത് കൊല്ലത്തെ പൊലീസുകാരൻ, അറസ്റ്റിൽ

കൊല്ലം: പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ നിന്നും കൈക്കലാക്കി, അവ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച ഒരു പൊലീസുകാരൻ. അയൽ സംസ്ഥാനങ്ങളിലല്ല, ഇങ്ങ് കേരളത്തിൽ, കൊല്ലത്താണ് നടുക്കുന്ന സംഭവം. സംഭവത്തിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കെ.എ.പി അടൂർ ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറായ ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനാണ് അറസ്റ്റിലായത്. മറ്റൊരാളാണ് ഭീഷണിക്ക് പിന്നിലെന്ന് നടിച്ച് 15 പവൻ സ്വർണം കൈക്കലാക്കാനായിരുന്നു അവിനാഷ് സുരേന്ദ്രന്‍റെ ശ്രമം.

എന്നാൽ പൊലീസുകാരന്‍റെ ഇടപെടലിൽ കുടുംബത്തിന് സംശയം തോന്നിയതോടെയാണ് പ്രതി കുടുങ്ങിയത്. പെൺകുട്ടിയുടെ കുടുംബത്തെ സിവിൽ പൊലീസ് ഓഫീസറായ അവിനാഷ് സുരേന്ദ്രന് മുൻപരിചയമുണ്ട്. ഈ അടുപ്പം വെച്ച് ആറുവർഷം മുൻപുള്ള പ്രായപൂർത്തിയാകാത്ത സമയത്തെ ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് അവിനാഷ് തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നു. പിന്നീട് സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കുട്ടിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചു. അമ്മയുടെ വാട്സാപ്പിലേക്കും ചിത്രം അയച്ച് ഭീഷണിപ്പെടുത്തി.

ചിത്രങ്ങൾ പ്രചരിപ്പിക്കുന്നയാളെ കണ്ടെത്തിയെന്ന് അവിനാഷ് പെൺകുട്ടിയുടെ കുടുംബത്തോട് പറഞ്ഞു. 15 പവൻ സ്വർണം നൽകിയാൽ ഇനി ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയാമെന്നും പ്രതി അറിയിച്ചു. അവിനാഷിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടിയുടെ കുടുംബം ശൂരനാട് പൊലീസിൽ പരാതി നൽകി. തുടർന്ന് റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അവിനാഷിനെ പിടികൂടിയത്. സൈബർ തെളിവുകളാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ നിർണ്ണായകമായത്. നിലവിൽ ജോലിയിൽ നിന്ന് ഏറെനാളായി വിട്ടുനിൽക്കുന്ന അവിനാഷിനെ പൊലീസ് സേനയിൽ നിന്ന് നീക്കാനുള്ള നടപടികൾ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button