പിതാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലൊളിപ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ പിതാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ച സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. സുരക്ഷാ ജീവനക്കാരനായ ശ്യാം സുന്ദർ കത്തേരിയ (55) ആണ് കൊല്ലപ്പെട്ടത്. മകൾ പൂജയെയും കാമുകനെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.ഇറ്റാവയിലെ കാൻഷിറാമിൽ പൂട്ടിയിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പൊലിസിൽ വിവരം അറിയിച്ചത്. പൊലിസ് സ്ഥലത്തെത്തി പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് പോളിത്തീനിലും മൂന്ന് കമ്പിളികളിലും പൊതിഞ്ഞ് പെട്ടിയിലാക്കിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. ശ്യാമിനൊപ്പം താമസിച്ചിരുന്ന പൂജയെ സംഭവത്തിനു ശേഷം കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെയും കാമുകനെയും പിടികൂടുകയുമായിരുന്നു. പ്രണയബന്ധം ശ്യാം എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.
അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ശ്യാം സുന്ദറുമായി അവസാനമായി സംസാരിച്ചതെന്ന് ഔറയ്യ ജില്ലയിൽ താമസിക്കുന്ന മൂത്ത മകൾ കാജൽ പറഞ്ഞു. വെള്ളി, ഞായർ ദിവസങ്ങളിൽ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അയൽവാസികളാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിക്കുന്നത്. പൂജയുടെ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നതായും വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരാളുമായി ബന്ധത്തിലായിരുന്നുവെന്നും കാജൽ ആരോപിച്ചു. മാതാവ് ശശി ദേവി പത്തുവർഷമായി വേറെയാണ് താമസം. കാജൽ, പൂജ, കുശി എന്നിങ്ങനെ മൂന്ന് പെൺമക്കളാണ് ശ്യാം സുന്ദറിനുള്ളത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്




