റിട്ട. മേജർ രവിക്കെതിരായ ആരോപണങ്ങൾ ഗൗരവതരം; കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്ന് ഇഎസ്ഡബ്ല്യുഎആർഎ

റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ (ESWARA). ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും പ്രസിഡന്റ് രാജേഷ് കുമാർ എസ് പരാതി നൽകി.
പരിശീലന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പുനൽകുന്നതായുള്ള ആരോപണങ്ങൾ, തൊഴിൽ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് പണം ഈടാക്കിയിട്ടുണ്ടെന്ന ആരോപണങ്ങൾ എന്നിവ പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സൈനിക സേവനത്തിന്റെ മഹത്വവും വിരമിച്ച സൈനികരുടെ വിശ്വാസ്യതയും ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവ തടയാൻ സർക്കാർ നടപടി സ്വീകരിക്കണം എന്നും പരാതിയിൽ പറയുന്നു.
വിവിധ സ്കൂളുകളിൽ വിദ്യാർഥികളുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ നടത്തുകയും പരിശീലന അക്കാദമിയിൽ ചേർന്നാൽ ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരം വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളിൽ നിന്നോ തൊഴിൽ അന്വേഷകരിൽ നിന്നോ പണം ഈടാക്കിയിട്ടുണ്ടോ, ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾക്കും റിക്രൂട്ട്മെന്റ് ഏജൻസികൾക്കും ആവശ്യമായ അംഗീകാരങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണം.കൂടാതെ മേജർ രവിയുടേതായി 2026 ഒക്ടോബർ 19 മുതൽ 25 വരെ വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഭിമുഖങ്ങളും പ്രസ്താവനകളും പരിശോധിക്കണമെന്നും, പ്രത്യേകിച്ച് ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്ര സർക്കാരിനെയും സംബന്ധിച്ച് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനകളുടെ യാഥാർഥ്യവും പശ്ചാത്തലവും ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. യഥാർഥ അഭിമുഖങ്ങളും വീഡിയോ റെക്കോർഡുകളും പരിശോധിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ നിഗമനത്തിലെത്താവൂ എന്നും സംഘടന വ്യക്തമാക്കി.
സൈനിക സേവനത്തിന്റെ മഹത്വവും വിരമിച്ച സൈനികരുടെ വിശ്വാസ്യതയും ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവ തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ മൂലം സമൂഹത്തിൽ മാന്യമായി ജീവിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന മറ്റ് വിരമിച്ച സൈനികരുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും കോട്ടം സംഭവിക്കരുതെന്നും സംഘടന ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ നിഷ്പക്ഷമായി അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ആരെയും കുറ്റക്കാരനായി ചിത്രീകരിക്കരുതെന്നും സംഘടന കൂട്ടിച്ചേർത്തു.




