Uncategorized

അധികാര ധാര്‍ഷ്ട്യം ഇനി അധിക കാലമില്ല’; മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ് ആയുധമാക്കി സന്ദീപ് വാര്യര്‍

കൊച്ചി: ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് പാര്‍ട്ടി കെട്ടിപ്പടുത്ത മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി പോലും ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യര്‍. ഇല്ലെങ്കില്‍ പാര്‍ട്ടി ഒരു ഗുജറാത്തി കമ്പനി മാത്രമായി ഒതുങ്ങുമെന്ന് അദ്ദേഹത്തിന് മനസ്സിലായി കാണുമെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്ന മുരളി മനോഹര്‍ ജോഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും ബിജെപിയില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കളെ വരെ ബാധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ ഭൂരിപക്ഷം നഷ്ടപ്പെട്ടതും വാരണാസിയില്‍ ലീഡ് കുറഞ്ഞതുമൊക്കെ സൂചകങ്ങളായിരുന്നുവെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.

‘ഡോ മുരളി മനോഹര്‍ ജോഷി, ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍, അടല്‍ അദ്വാനി ജോഷി ത്രയങ്ങളില്‍ പെട്ട നേതാവ്, മുന്‍ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള സമരം ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുന്ന ഡല്‍ഹി പൊലീസ് നടപടി വേദനാജനകമാണെന്ന് അദ്ദേഹം പറയുന്നു. കേവലമായ ഒരു ലോ ആന്റ് ഓര്‍ഡര്‍ പ്രശ്‌നമായി കൈകാര്യം ചെയ്യേണ്ടതല്ല ഇതെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു’, എന്നും സന്ദീപ് വാര്യര്‍ കുറിച്ചു.15 വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ള ഇന്ത്യന്‍ യുവജനതയുടെ മനസ്സിന്‍ നിന്ന് മോദി കുടിയിറങ്ങിയിരിക്കുകയാണ്. ബിജെപിക്ക് മാത്രം വോട്ടുചെയ്തിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ കുട്ടികളാണ് സമരരംഗത്തുള്ളതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവര്‍ തെരുവുകളില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണെന്നുമാണെന്നുമായിരുന്നു മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടത്.

‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാര്‍ഥ്യമുള്ളവയാണ്. അതിനാല്‍ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാര്‍ഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ട്.

ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്‌നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാന്‍ ശ്രമിക്കില്ലെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രത്യാശിക്കുന്നു. യുവതികളടക്കമുള്ള വിദ്യാര്‍ഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം ബലപ്രയോഗങ്ങള്‍ ഇന്ത്യയെ ‘വിക്‌സിത് ഭാരത്’ (വികസിത ഇന്ത്യ)’ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിര്‍ത്താന്‍ ഇടയാക്കും’, എന്നും മുരളി മനോഹര്‍ ജോഷി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button