വന്യജീവി ആക്രമണം: കർഷകർക്കുള്ള കൃഷിനാശ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ, വർധന 10 വർഷത്തിന് ശേഷം

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി സർക്കാർ വർദ്ധിപ്പിച്ചു. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകി വരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
കൃഷിനാശത്തിന് പുറമെ കാർഷികോൽപ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കുന്നതാണ്. മുമ്പ് തേങ്ങ, കൊക്കോ മരമോ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു. വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉൽപ്പന്നനാശമോ ഉണ്ടായാൽ, നാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികാരികൾ മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറ് മാസത്തിനുള്ളിൽ ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണ്ണയ പരിശോധനകളും പഴയതുപോലെ തന്നെ തുടരുന്നതാണ്. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിലുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കണ്ടതിനെ തുടർന്നാണ് വനം വകുപ്പിന്റെ ഇടപെടൽ.




