വിസ്കി ഇറക്കുമതിയില്‍ തീരുവ വെട്ടിച്ചോ? പ്രമുഖ മദ്യക്കമ്പനികളായ പെര്‍നോഡ് റിക്കാര്‍ഡിനും ഡിയാജിയോക്കുമെതിരെ അന്വേഷണം

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി സ്കോച്ച് വിസ്കി ഇറക്കുമതിയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ പ്രമുഖ മദ്യക്കമ്പനികളായ പെര്‍നോഡ് റിക്കാര്‍ഡ് ,ഡിയാജിയോ എന്നിവയ്ക്ക് എതിരെ നികുതി വകുപ്പിന്റെ അന്വേഷണം. ജൂലൈ 15 മുതല്‍ നിലവില്‍ വന്ന ഇന്ത്യ- യു.കെ വ്യാപാര കരാര്‍ പ്രകാരം ചില സ്കോച്ച് വിസ്കികളുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍, വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന സ്കോച്ച് കോണ്‍സെന്‍ട്രേറ്റുകള്‍ക്ക് ഈ തീരുവയിളവ് ബാധകമല്ലെന്നാണ് നികുതി വകുപ്പിന്റെ നിലപാട്. വന്‍തോതിലുള്ള ഇറക്കുമതി തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് കുറഞ്ഞ തീരുവയുടെ നേട്ടം ഉണ്ടാക്കാന്‍ കമ്പനികള്‍ ശ്രമിച്ചോ എന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.
ഓഫീസുകളില്‍ പരിശോധന
കഴിഞ്ഞ ആഴ്ച പെര്‍നോഡ് റിക്കാര്‍ഡിന്റെ ഇന്ത്യന്‍ ആസ്ഥാനത്ത് നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി സൂചനയുണ്ട്. ഡിയാജിയോയുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്സ് , തങ്ങളുടെ വിവിധ ഓഫീസുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച അധികൃതര്‍ പരിശോധന നടത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. നിയമങ്ങള്‍ എക്കാലത്തും പാലിച്ചിട്ടുള്ള തങ്ങള്‍ ഇന്ത്യന്‍ അധികൃതരുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന്് കമ്പനി വ്യക്തമാക്കി. ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 65 ബില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യയുടെ മദ്യവിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നവരാണ് ഫ്രഞ്ച് കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡും ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോയും. റോയല്‍ സ്റ്റാഗ് , ബ്ലെന്‍ഡേഴ്സ് പ്രൈഡ് , മക്ഡോവല്‍സ് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി ഇവര്‍ യുകെയില്‍ നിന്ന് ബള്‍ക്ക് സ്കോച്ച് കോണ്സെന്ട്രേറ്റുകള് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ-യു.കെ കരാറിനെ തുടര്‍ന്ന് മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചില വിദേശ സ്കോച്ച് വിസ്കികളുടെ വില 10 മുതല്‍ 15 ശതമാനം വരെ കുറഞ്ഞിരുന്നു. ഡിയാജിയോയുടെ ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍, ജെ ആന്‍ഡ് ബി , പെര്‍നോഡ് റിക്കാര്‍ഡിന്റെ ഷിവാസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.




