ശുചിമുറി മാലിന്യം തള്ളാൻ ശ്രമിച്ച സംഭവം; യഥാര്‍ഥ പ്രതികള്‍ പിടിയില്‍, പൊലീസിനെ കബളിപ്പിച്ചവര്‍ക്കെതിരെയും കേസ്

മലപ്പുറം: ശുചിമുറി മാലിന്യം തള്ളാനെത്തി പൊലീസിനെ കണ്ട് ലോറിയുമായി കടന്നുകളഞ്ഞ കേസിലെ യഥാര്‍ഥ പ്രതികൾ പിടിയിൽ. മഞ്ചേരി സ്വദേശി മുഹമ്മദ് ഷിബിലി (21), മുഹമ്മദ് സ്വാലി (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കേസില്‍ പുതിയ വഴിത്തിരിവുണ്ടായി. പൊലീസിനെ കബളിപ്പിച്ച് മറ്റുള്ളവരെ പ്രതികളായി അവതരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രാത്രി തിരുവമ്പാടി യുസി മുക്കിനു സമീപത്തെ തോടിനടുത്താണ് നമ്പര്‍ പ്ലേറ്റില്ലാത്ത ലോറി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോറിയെ പിന്തുടര്‍ന്നു.
എന്നാല്‍, പൊലീസിനെ വെട്ടിച്ച് ലോറി അതിവേഗത്തില്‍ ഓടിച്ചുപോയ സംഘം ഏകദേശം രണ്ടുമണിക്കൂറിനിടെ നൂറോളം കിലോമീറ്റര്‍ ദൂരം പിന്നിട്ട് രക്ഷപ്പെട്ടു. പിന്നീട് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോറി പൊലീസ് പിടിച്ചെടുത്തത്. ഇതിനിടെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നതിനായി മറ്റൊരു നീക്കം നടത്തി. ലോറിയോടൊപ്പം എത്തിയ രണ്ടുപേരെ യഥാര്‍ഥ പ്രതികളായി അവതരിപ്പിച്ച് പിഴ അടച്ച് കേസില്‍നിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍, പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ലോറി സഞ്ചരിച്ച വഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടികളിലെ വൈരുധ്യമാണ് സംശയത്തിനിടയാക്കിയത്.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും പൊലീസിനെ കബളിപ്പിക്കാന്‍ എത്തിയവരാണെന്നും വ്യക്തമായി. പൊലീസിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ശുചിമുറി മാലിന്യം നിയമവിരുദ്ധമായി തള്ളാനുള്ള ശ്രമവും അതിനുശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ നടത്തിയ നീക്കവും കേസിന് കൂടുതല്‍ ഗൗരവം നല്‍കുന്നതായി.




