കോടിയേരിയുടേയും VSന്റെയും മക്കള്‍ക്കില്ലാത്ത പ്രതിരോധം വീണയ്ക്ക് പാര്‍ട്ടി നല്‍കുന്നതെന്തിന്; കണ്ണൂരില്‍ ചർച്ച

കണ്ണൂര്‍: വീണ ടിയ്ക്കെതിരായ കേസില്‍ പാര്‍ട്ടി പ്രതിരോധമെന്തിനെന്ന് സിപിഐഎം വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം. കോടിയേരിയുടെയും വിഎസിന്റെയും മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പ്രതിരോധിച്ചില്ല. വീണ തൈക്കണ്ടിക്കെതിരായ ആരോപണങ്ങളെ സിപിഐഎം എന്തിന് പ്രതിരോധിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ചര്‍ച്ച. പാര്‍ട്ടി എന്തിനാണ് വീണക്കെതിരായ കേസില്‍ പ്രസ്താവന ഇറക്കുന്നതെന്നും ചോദ്യമുയർന്നു. പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. വീണയെയും അവരുടെ കമ്പനിയെയും ന്യായീകരിക്കാന്‍ പാര്‍ട്ടിയുടേയും സംഘടനയുടേയും ഊര്‍ജവും സമയവും ചെലവഴിക്കുന്നത് തെറ്റാണെന്നും വിമര്‍ശനമുയര്‍ന്നു.
പാനൂരില്‍ നിന്നുള്ള പ്രതിനിധിയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെതിരെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ മക്കള്‍ ബിനീഷിനും ബനോയ്ക്കുമെതിരെയും ഉയര്‍ന്ന് വന്ന ഒരു പരാതിയും പാര്‍ട്ടി പ്രതിരോധിച്ചിട്ടില്ല. കോടിയേരിയുടെ മകന്‍ ജയിലില്‍ കിടന്നപ്പോഴും പാര്‍ട്ടി അതില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് തള്ളുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ പിണറായിയുടെ മകളുടെ കാര്യം വരുമ്പോള്‍ പാര്‍ട്ടി ന്യായീകരിക്കുകയാണെന്നായിരുന്നു വിമര്‍ശനം.
അതേസമയം വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മറുപടി പ്രസംഗത്തില്‍ പിണറായി ഇതിന് വിശദമായ മറുപടി നല്‍കി. ഇഡി കേസ് വിശദീകരിച്ചായിരുന്നു പിണറായിയുടെ മറുപടി. ഈ വിമര്‍ശത്തിന് മറുപടി നല്‍കാനാണ് കൂടുതല്‍ സമയം പ്രതിപക്ഷ നേതാവ് ചെലവഴിച്ചത്. ലാവ്‌ലിന്‍ മുതല്‍ പുതിയ വിജിലന്‍സ് കേസ് വരെ തന്നെ വേട്ടയാടാന്‍ നടന്ന ആസൂത്രിതമായ നീക്കങ്ങള്‍ എണ്ണമിട്ട് നിരത്തിയായിരുന്നു പിണറായിയുടെ മറുപടി. ആത്യന്തികമായി നടക്കുന്ന വേട്ടയാടല്‍ പാര്‍ട്ടിക്കെതിരെയാണെന്നും അതിനാലാണ് പാര്‍ട്ടിക്ക് പ്രതിരോധിക്കേണ്ടി വരുന്നതെന്നും പിണറായി മറുപടി നല്‍കി എന്നാണ് ലഭിക്കുന്ന വിവരം.




