പട്ടണക്കാട്ട് വൻ കഞ്ചാവ് വേട്ട; അഞ്ചര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

ചേർത്തല: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പട്ടണക്കാട്ട് നടത്തിയ വൻ പരിശോധനയിൽ അഞ്ചര കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആഷിക്ക് ബഹ്റ (30) യെയാണ് പട്ടണക്കാട് പൊലീസ് പിടികൂടിയത്. ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണ് ഈ കഞ്ചാവെന്ന് പൊലീസ് വ്യക്തമാക്കി.
പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാദേവ ക്ഷേത്രത്തിന് എതിർവശം ദേശീയപാത 66-ന് കിഴക്കുവശത്തെ സർവീസ് റോഡിലൂടെ കഞ്ചാവുമായി എത്തിയപ്പോഴാണ് ജില്ലാ ഡാൻസാഫ് ടീമും പട്ടണക്കാട് പോലീസും ചേർന്ന് പ്രതിയെ വലയിലാക്കിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതീപ് ടി കെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
പട്ടണക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ എസ് ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ രതീഷ്, എ എസ്ഐ സുനിൽകുമാർ, ഗ്രേഡ് എസ്ഐമാരായ ലതീഷ് കുമാർ, ബിജിമോൻ, സീനിയർ സിപിഒമാരായ അരുൺകുമാർ, നിധിൻ എം പി, സന്തോഷ്, മനു എന്നിവരും ജില്ലാ ഡാൻസാഫ് ടീമും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




