സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!

കാലിഫോർണിയയിൽ ടെസ്‌ല കാർ പൊലീസ് വാഹനത്തിലിടിച്ച് രണ്ട് ഹൈവേ പട്രോൾ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്. ഡ്രൈവർ സഹായ സംവിധാനമായ ഫുൾ സെൽഫ് ഡ്രൈവിങ് മോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ അടച്ചിട്ട ഹൈവേ ഭാഗത്തേക്ക് കടന്ന് പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്നാണ് 22 -കാരനായ ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. ഒക്ടോബർ 13 -ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്‍റർസ്റ്റേറ്റ് 80 ഹൈവേയിലായിരുന്നു സംഭവം.
ഡ്രൈവർ ഉറങ്ങിപ്പോയി
മറ്റൊരു അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാലിഫോർണിയ ഹൈവേ പട്രോളിന്‍റെ (സിഎച്ച്പി) വാഹനത്തിലേക്കാണ് ടെസ്‌ല ഇടിച്ച് കയറിയത്. അപകടസ്ഥലത്ത് ഹൈവേയിലെ നിരവധി പാതകൾ അടച്ചിരുന്നു. മുന്നറിയിപ്പ് ഫ്ലെയറുകൾ, ട്രാഫിക് കോണുകൾ, മിന്നുന്ന എമർജൻസി ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾക്കിടയിലും അടച്ചിട്ട ഭാഗത്തേക്ക് കടന്ന ടെസ്‌ല പൊലീസ് വാഹനത്തിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തതായി സിഎച്ച്പി അറിയിച്ചു. സംഭവത്തിന്‍റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ സിഎച്ച്പി സമൂഹ മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു.




