UDF പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ LDFന് വോട്ട് ചെയ്തു; കുറ്റിച്ചിറയിൽ UDF ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങി’

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഫാത്തിമ തഹിലിയ രാജിവെച്ച കുറ്റിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോല്‍വിക്കും’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
‘2273 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ വാര്‍ഡില്‍ ഇത്തവണ ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങി. ജനവിരുദ്ധ യുഡിഫ് സര്‍ക്കാര്‍ നിലപാടുകളും മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ത്ത് ബിജെപി രാഷ്ട്രീയത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മൃദുസമീപനവും യുഡിഫ് പരമ്പരാഗത വോട്ടര്‍മാര്‍ ഉള്‍പ്പടെ എല്‍ഡിഎഫിന് വോട്ട് ചെയ്തതിന് കാരണമായിട്ടുണ്ട്. യുഡിഎഫിന്റെ ശക്തികേന്ദ്രത്തില്‍ ഈ മുന്നേറ്റം സാധ്യമാക്കിയ സഖാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍. വിജയിച്ച യുഡിഫ് സ്ഥാനാര്‍ത്ഥിക്കും ലീഗ് കേന്ദ്രത്തില്‍ പൊരുതി തോറ്റ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും അഭിനനന്ദനങ്ങള്‍’, എന്നായിരുന്നു മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
കുറ്റിച്ചറ വാര്‍ഡില്‍ 2000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നേരത്തേ ഫാത്തിമ തഹിലിയ വിജയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഫര്‍സീന 2711 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ജംഷീന ടി ടി 2275 വോട്ടുകളാണ് നേടിയത്.




