Uncategorized

വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തു; ആക്രമണത്തിൽ മണിപ്പൂർ സംഗീതജ്ഞന് ഡല്‍ഹിയില്‍ ദാരുണാന്ത്യം

ന്യൂഡല്‍ഹി: മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഗീതജ്ഞനെ അടിച്ചുകൊന്നു. മണിപ്പൂരില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞന്‍ ചോങ്തം വിക്രം സിംഗ് ആണ് മരിച്ചത്. ഡല്‍ഹി കിലോകരിയില്‍ ആണ് സംഭവം. വീടിന് മുന്നില്‍ ഒരുകൂട്ടം ആളുകള്‍ മദ്യപിച്ചതിനെ ചോദ്യം ചെയ്ത പ്രകോപനത്തില്‍ ചോങ്തമിനെ മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായി.

വിക്രം സിങ്ങിന്റെ വീടിന് പുറത്തുണ്ടായ ബഹളവും മദ്യപാനവും ചോദ്യം ചെയ്തതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. സമീപത്തുള്ള ഹോട്ടലിലെ (ദാബ) ജീവനക്കാരും ഡെലിവറി ബോയ്സും ചേര്‍ന്ന് ബഹളമുണ്ടാക്കിയത് അദ്ദേഹം വിലക്കാന്‍ ശ്രമിച്ചിരുന്നു. വിക്രം സിംഗ് താഴേക്ക് വന്ന് ബഹളം വയ്ക്കരുതെന്ന് ആവശ്യപ്പെട്ടതോടെ അക്രമിസംഘം ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ട് പ്രതികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്യുന്നവരാണെന്ന് പോലീസ് അറിയിച്ചു.

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി വിക്രം സിങ്ങിന്റെ കുടുംബം വ്യക്തമാക്കി. മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്ന ഒരു സംഘം യുവാക്കള്‍ പ്രദേശത്ത് ശല്യമുണ്ടാക്കുന്നുണ്ടായിരുന്നെന്നും ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടാനായി അര്‍ദ്ധരാത്രിയോടെ സിംഗ് വീടിനു പുറത്തിറങ്ങിയിരുന്നുവെന്നും കുടുംബാംഗങ്ങളിലൊരാള്‍ പറഞ്ഞു.

മരണകാരണം കണ്ടെത്തുന്നതിനായി എയിംസില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുകയാണ്. വിക്രം സിങ്ങിനോടുള്ള ആദരസൂചകമായും സംഗീതരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ അനുസ്മരിച്ചും കൊലപാതകത്തിൽ പ്രതിഷേധിച്ചും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള യുവാക്കള്‍ മെഴുകുതിരി റാലി നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button