Uncategorized

ഏകാധിപത്യ ഭരണകാലത്ത് ആവശ്യം യോജിച്ചുള്ള പോരാട്ടങ്ങൾ, എന്നാൽ മാത്രമേ രാജ്യത്തിന്റെ മോചനം സാധ്യമാകുകയുള്ളൂ: അശോക് ധാവ്‌ളെ

ആലപ്പുഴയിൽ നടന്നുവരുന്ന കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ യോജിച്ചുള്ള പോരാട്ടങ്ങൾക്ക് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ. ഏകാധിപത്യ ഭരണകാലത്ത് യോജിച്ചുള്ള പോരാട്ടങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വളരുന്ന സമരങ്ങളും തുറന്നു കാട്ടപ്പെടുന്ന ഭരണകൂടവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരും കർഷക തൊഴിലാളികളും നാനാ വിഭാഗം ജനങ്ങളും ചേർന്നുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെ മാത്രമേ രാജ്യത്തിന്റെ മോചനം സാധ്യമാകുകയുള്ളൂ എന്ന് സെമിനാർ അഭിപ്രായപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമ്രാജ്യത്വ അനുകൂല സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളെ അന്ധമായി സ്വീകരിക്കുന്ന ബിജെപി സർക്കാർ നയം രാജ്യത്തിൻ്റെ കാർഷിക മേഖലയെ തകർക്കുകയാണെന്ന് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ പറഞ്ഞു.

എം വിജയകുമാർ, വത്സൻ പാനോളി, പി ജയരാജൻ, പി കൃഷ്‌ണപ്രസാദ്, കെ എൻ ബാലഗോപാൽ, സി എസ് സുജാത, എം സ്വരാജ് തുടങ്ങി നിരവധി നേതാക്കൾ സെമിനാറിൽ പങ്കെടുത്തു. അശാസ്ത്രീയവും ജനവിരുദ്ധവുമായ പരിസ്ഥിതി ലോല മേഖലാ വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് കർഷകസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വിജ്ഞാപനം കേരളത്തിന്റെ മലയോര മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് എന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ ജനപക്ഷ നിലപാടെടുക്കണമെന്നും കേരള കർഷകസംഘം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button