പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത കലാകാരനുമായ നിസാർ വയനാട് (44) ദുബായിൽ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയായ ഇദ്ദേഹം സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കഴിഞ്ഞ മാസം യുഎഇയിൽ എത്തിയത്. പനിയെ തുടർന്ന് ദുബായ് മൻഖൂൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വരും ദിവസങ്ങളിൽ സൗദി അറേബ്യയിലും ദുബായിലും നടക്കാനിരുന്ന വിവിധ സംഗീത നിശകളിൽ പാടാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
നിരവധി പ്രശസ്ത മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ നിസാർ, ഗാനങ്ങൾ പാടുന്നതിനൊപ്പം ആൽബങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള ചിത്രം ‘പ്രൊഫസർ ഡിങ്കൻ’, ഒരു കന്നഡ സിനിമ എന്നിവയിലും പിന്നണി ഗായകനായി അദ്ദേഹം പാടിയിട്ടുണ്ട്. ഗാനമേള വേദികളിൽ ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദത്തോട് സമാനമായ ആലാപന ശൈലിയാണ് നിസാറിനെ സംഗീത പ്രേമികൾക്ക് പ്രിയങ്കരനാക്കിയത്. ബഹ്റൈനിൽ വെച്ച് ഉദിത് നാരായണനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
പരേതനായ ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഷഹന നിസാറാണ് ഭാര്യ. മക്കൾ: സിംബ്രീന, അംബ്രീന. ബുഷറ, നസീറ, അൻസാർ എന്നിവർ സഹോദരങ്ങളാണ്. സംഗീത മേഖലയിലെ പ്രമുഖരും പ്രവാസി മലയാളികളും നിസാർ വയനാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.




