Uncategorized

തിരിച്ചടിച്ച് അമേരിക്ക, ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി

വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി ഡൗണി, എം/ടി സ്റ്റാർക് 1 എന്നിവയ്ക്ക് നേരേയും ചരക്കില്ലാതിരുന്ന മറ്റൊരു കപ്പലിന് നേരേയുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരേ ഇറാന്റെ സായുധസേനയായ ഐആർജിസി നേരത്തേ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് യുഎസ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചത്. ഇറാന്റെ ആക്രമണങ്ങളിൽ യുഎസ് സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഖാർ​ഗ് ദ്വീപിന് സമീപത്തുവെച്ചാണ് എം/ടി ഡൗണി കപ്പലിന് നേരേ യുഎസിന്റെ ആക്രമണമുണ്ടായത്. ജാസ്കിന് സമീപത്തുവെച്ചായിരുന്നു എം/ടി സ്റ്റാർക് 1 കപ്പൽ ആക്രമിച്ചത്. ചരക്കുകളില്ലാതിരുന്ന മൂന്നാമത്തെ കപ്പലിന് നേരേ ഒമാൻ ഉൾക്കടലിൽവെച്ചാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതിനിടെ, ആക്രമണത്തിന് പിന്നാലെ ഇറാനെതിരേ കൂടുതൽ ഭീഷണിയുമായി അമേരിക്ക രം​ഗത്തെത്തി. സ്വയം പ്രതിരോധിക്കാൻ യുഎസ് സൈന്യം മടിക്കില്ലെന്നും വേണമെങ്കിൽ ഇറാന്റെ എണ്ണക്കപ്പൽ വ്യൂഹം മുഴുവൻ തകർക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. ഐആർജിസിയ്ക്കുള്ള സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ രണ്ട് കപ്പലുകൾക്ക് നേരേ വെടിയുതിർത്താൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർത്ത് അതിനെക്കാൾ വലിയ സാമ്പത്തിക പ്രത്യാഘാതം നിങ്ങൾക്കുണ്ടാക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button