പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതർ

വയനാട്: കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന മലയോരപാതയായ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് തുടർച്ചയാകുന്നു. ചുരത്തിലെ ആശ്രമം ജംഗ്ഷന് സമീപം റോഡരികിലാണ് വൻതോതിൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.
നിരോധിത പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് മാലിന്യങ്ങൾ റോഡരികിൽ നിക്ഷേപിച്ചിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മഴ പെയ്യുന്നതോടെ ഈ മാലിന്യങ്ങൾ അഴുക്കുചാലുകളിലേക്ക് ഒഴുകിയെത്തുകയും പരിസരപ്രദേശങ്ങളിൽ കടുത്ത ദുർഗന്ധവും ആരോഗ്യ ഭീഷണിയും ഉയർത്തുകയും ചെയ്യുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതാണ് മാലിന്യനിക്ഷേപം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് ഹെൽത്ത് വിഭാഗം പൂർണ്ണമായും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
റോഡരികിൽ തള്ളിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും, ദുർഗന്ധവും രോഗഭീതിയും ഒഴിവാക്കാൻ ചുരംപാതയിൽ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.




