Uncategorized

കടം വാങ്ങിയ പണം തിരികെ നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി ഹണിട്രാപ്പ്; വ്യാപാരിയെ കുടുക്കി പണം തട്ടിയ ദമ്പതികൾ ഉൾപ്പെടെ 3 പേർക്കെതിരെ കേസ്, രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: കുമ്പളയിൽ 64-കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ കുബ്ബന്നൂർ സ്വദേശി ഹസ്സൻ ആസിഫ് (33), ബന്ധുവും മൊഗ്രാൽ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) എന്നിവരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ആസിഫിന്റെ ഭാര്യ റിസ്വാനയ്ക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്ഇബി ബിൽ അടയ്ക്കാനെന്ന വ്യാജേന മുൻപ് കടം വാങ്ങിയ 5000 രൂപ തിരികെ തരാമെന്നു പറഞ്ഞ് റിസ്വാന വ്യാപാരിയെ കുബ്ബന്നൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ വ്യാപാരിയെ ബലം പ്രയോഗിച്ച് കിടപ്പുമുറിയിൽ കയറ്റി, പ്രതികൾ ഭീഷണിപ്പെടുത്തി ഫോട്ടോകളും വീഡിയോകളും പകർത്തി.

തുടർന്ന് ഭീഷണിപ്പെടുത്തി 1500 രൂപയും, മൊബൈൽ ഫോണുകളും കാറിന്റെ താക്കോലും കൈക്കലാക്കി. തുടർന്ന് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ₹27,000 വിലവരുന്ന മൊബൈൽ ഫോണും എടിഎം കാർഡുകളും കവർന്നു. എടിഎം കാർഡിന്റെ പിൻ നമ്പർ ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം ₹7,200 പിൻവലിക്കുകയും ചെയ്തു.

ഓഗസ്റ്റ് 17-ന് പ്രതികൾ വ്യാപാരിയുടെ കടയിലെത്തി ഭീഷണിപ്പെടുത്തി ₹5,000 കൂടി കൈക്കലാക്കി. തുടർന്ന് കൂടുതൽ തുക ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് വ്യാപാരി പോലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത (BNS) ലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button