ഇറാൻ- അമേരിക്ക യുദ്ധം; ചർച്ചകൾക്കായി പാക്സേന മേധാവി ഇറാനിലേക്ക്, ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് മസൂദ് പെസഷ്കിയാൻ

ടെഹ്റാൻ: ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവർ മുന്നോട്ട് വന്ന് സഹായിക്കണമെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകർന്നതിൽ ആണ് ഇറാൻ പ്രസിഡന്റിന്റെ വിമർശനം എന്നാണ് സൂചന. പരമോന്നത നേതാവിന്റെ അനുമതിയോടെ ആണ് ധാരണ ഒപ്പിട്ടതെന്നും ഇറാൻ പ്രസിഡന്റ് പറയുന്നു. നേരത്തെ, സമാധാന നീക്കങ്ങൾ ഇറാനിലെ തീവ്രനിലപാടുള്ള വിഭാഗം നിരന്തരം തടസപ്പെടുത്തിയിരുന്നു. അതേസമയം, ഇറാൻ- അമേരിക്ക യുദ്ധത്തിൽ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ചർച്ചകൾക്കായി പാക് സേന മേധാവി ഇറാനിലേക്ക് പോവുന്നതായാണ് വിവരം. ഇക്കാര്യം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, അമേരിക്കൻ ഭരണകൂടം ഇറാനെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധ നീക്കങ്ങൾ പൂർണ്ണമായി പരാജയപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുതിയ സെക്രട്ടറി മൊഹ്സെൻ റെസായി പറഞ്ഞു. യുഎസ് സമ്മർദ്ദത്തിന് വഴങ്ങാൻ ഇറാൻ ഭരണകൂടം തയ്യാറല്ലെന്ന് മൊഹ്സെൻ റെസായി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ വെറുംവാക്കുകൾ മാത്രമാണെന്നും അത് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റെസായി പരിഹസിച്ചു. വാഷിംഗ്ടൺ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്യും വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. അയൽരാജ്യങ്ങൾ മേഖലയിലെ എണ്ണക്കടത്തിനായി ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്നും പുതിയ ശേഷികൾ പുറത്തെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.




