Uncategorized

വിദ്യാർത്ഥിനികൾക്കൊപ്പം ഡാമിൽ കുളി: പ്രിൻസിപ്പലിന് സസ്പെൻഷൻ; അന്വേഷണത്തിന് മൂന്നംഗ സമിതി

ആൽവാർ (രാജസ്ഥാൻ): സ്കൂൾ വിദ്യാർത്ഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ ഇറങ്ങി കുളിക്കുകയും സുരക്ഷാ വീഴ്ച വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് ശക്തമായ നടപടിയെടുത്തു. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്.

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ശേഷമാണ് സംഭവം നടന്നത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 200-ഓളം വിദ്യാർത്ഥികളുമായി രണ്ട് കിലോമീറ്റർ അകലെയുള്ള ചെക്ക് ഡാമിലേക്ക് പ്രിൻസിപ്പൽ യാത്ര സംഘടിപ്പിക്കുകയായിരുന്നു. പെൺകുട്ടികൾ അടങ്ങുന്ന വലിയൊരു സംഘം ഉണ്ടായിരുന്നിട്ടും യാത്രയിൽ ഒരു വനിതാ അധ്യാപകരെ പോലും ഉൾപ്പെടുത്തിയിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ വനപാതയിലൂടെയാണ് വിദ്യാർത്ഥികളെ ഡാമിലേക്ക് കൊണ്ടുപോയത്.

ഡാമിൽ പെൺകുട്ടികൾ വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെ പ്രിൻസിപ്പലും അവർക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു. നീന്തൽ പഠിപ്പിക്കാനെന്ന പേരിൽ പ്രിൻസിപ്പൽ പെൺകുട്ടികളെ കൈകളിലെടുത്ത് ഉയർത്തിയതായി സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ സംഭവം ചോദ്യം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ ഉടനടി സസ്പെൻഡ് ചെയ്യുകയും വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button