ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 416 വിവാഹങ്ങൾ; വിവാഹചരിത്രം തിരുത്തിക്കുറിച്ച് ഗുരുപവനപുരി

തൃശൂര്‍: വിവാഹ ചരിത്രം തിരുത്തിക്കുറിച്ച് ഗുരുപവനപുരി. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച 416 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. പുലര്‍ച്ചെ 4.10ന് ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ചതോടെയാണ് വിവാഹങ്ങള്‍ തുടങ്ങിയത്. മംഗളവാദ്യത്തിന്റെ അകമ്പടിയില്‍ കണ്ണൂര്‍ തലശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തി. തുടര്‍ന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങള്‍ തുടങ്ങി.
ചിങ്ങത്തിലെ ആദ്യത്തെ ഞായറാഴ്ചയിലെ തിരക്ക് മുന്‍കൂട്ടി കണ്ട് കൃത്യമായ ആസൂത്രണമാണ് ദേവസ്വം നടത്തിയിരുന്നത്. നഗരസഭയും പോലീസും ഫയര്‍ഫോഴ്സും അടക്കമുള്ള എല്ലാ സംവിധാനങ്ങളെയും ക്രോഡീകരിച്ച് ദിവസങ്ങളായി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 200 ഓളം പോലീസുകാരെയാണ് ക്ഷേത്രനഗരിയില്‍ വിന്യസിച്ചിരുന്നത്. മോഷണങ്ങളും അനിഷ്ട സംഭവങ്ങളും തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിരുന്നു




