വെള്ളാപ്പള്ളി കുടുങ്ങുമോ? മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. വർഷങ്ങളായി നിലച്ചു കിടന്നിരുന്ന കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഇതോടെ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുമായി അന്വേഷണ സംഘത്തിന് വേഗത്തിൽ മുന്നോട്ട് പോകാൻ സാധിക്കും.മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്യപ്പെട്ട 124 കേസുകളിൽ മൂന്നെണ്ണത്തിൻ്റെ അന്വേഷണ റിപ്പോർട്ടാണ് അന്വേഷണ സംഘം വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നത്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, പ്രതികൾക്കെതിരെ കോടതിയിൽ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സർക്കാരിൽ നിന്നുള്ള പ്രോസിക്യൂഷൻ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനായുള്ള അപേക്ഷ ഉടൻ തന്നെ സർക്കാരിന് കൈമാറാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽ നിന്നും 15 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കടമെടുത്ത് എസ്എൻഡിപി ശാഖകൾ വഴി ഉയർന്ന പലിശയ്ക്ക് മൈക്രോഫിനാൻസ് വായ്‌പയായി നൽകി സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടത്തിയെന്നാണ് കേസിനാധാരമായ ആരോപണം. വായ്‌പ വിതരണത്തിലും തിരിച്ചടവിലും വലിയ തോതിലുള്ള അഴിമതി നടന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. പത്തു വർഷത്തോളമായി ഇഴഞ്ഞുനീങ്ങിയിരുന്ന അന്വേഷണത്തിലാണ് പുതിയ റിപ്പോർട്ട് അംഗീകരിച്ചതിലൂടെ നിർണായക പുരോഗതി ഉണ്ടായിരിക്കുന്നത്.




