Uncategorized

സിജെപി പ്രതിഷേധത്തില്‍ പൊലീസ് അതിക്രമം അന്വേഷിക്കാന്‍ ഉന്നതതല സമിതി; പെല്ലറ്റ് ആക്രമണവും അന്വേഷിക്കും

ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടി അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സുപ്രീം കോടതി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനാവും. ഉന്നതതല അന്വേഷണം നടത്തുമെന്ന് നേരത്തെ തന്നെ സുപ്രീ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സമിതി രൂപീകരിച്ചിരിക്കുന്നത്.

അഞ്ചംഗ സമിതിയെയാണ് പൊലീസ് നടപടി അന്വേഷിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ജയിന്‍, മുന്‍ ഹൈക്കോടതി ജസ്റ്റിസ് ശാലീന്തര്‍ കൗര്‍, സിബിഐ ഡയറക്ടര്‍ റിഷികുമാര്‍ ശുക്‌ള, മുന്‍ മേഖാലയ ഡിജിപി എല്‍ആര്‍ ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സമിതിയുടെ പരിഗണനാ വിഷയങ്ങളും സുപ്രീം കോടതി തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും ആറ് വിഷയങ്ങളാണ് സമിതിയുടെ പരിഗണനയില്‍ വരുന്നതെന്ന് സുപ്രീം കോടതി ബെഞ്ച് അറിയിച്ചു. അതില്‍ പ്രധാനമായും പൊലീസിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങളും വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായ അക്രമ സംഭവങ്ങളും ഉള്‍പ്പെടും. ഈ വിഷയങ്ങളെല്ലാം സമിതി പരിശോധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലീസിന്റെ ഭാഗത്തു നിന്ന് പെല്ലറ്റ് ആക്രമണമുണ്ടായോ എന്നതും വിശദമായി അന്വേഷിക്കും. അതൊടൊപ്പം മുന്നറിയിപ്പ് ഇല്ലാതെ ഇലക്ട്രിക്ക് ബാറ്റണ്‍ ഉപയോഗിച്ചതും സമിതി പ്രത്യേകം പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രതിഷേധം നേരിടുന്നതില്‍ പരിധിയില്‍ കവിഞ്ഞ ബലപ്രയോഗമുണ്ടായോ എന്നതും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുകയാണ്. ഈ സമയത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക നിലപാട് പുറത്തുവന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button