കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്ത് പൊലീസ്; കാപ്പ ചുമത്തി ജയിലില്‍ അടച്ചു

തൃശ്ശൂര്‍: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റില്‍. നെടുമ്പാശ്ശേരി പൊലീസ് ആണ് അനീഷിനെ അറസ്റ്റ് ചെയ്തത്. അനീഷിനെതിരെ കാപ്പ ചുമത്തി. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അനീഷിനെതിരെ നിരവധി കേസുകളില്‍ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പായില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അനീഷിനെതിരെ കേസെടുത്തിരുന്നു.
ഏറെ നാളായി അനീഷ് കൊച്ചിയില്‍ ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് നടപടിയിലേക്ക് കടന്നിരുന്നില്ല. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് പുറത്തിറങ്ങി. ഇതിനിടെയാണ് കൊച്ചിയിലെ സ്പായില്‍ കയറി ഭീഷണി മുഴക്കിയത്. ഈ കേസില്‍ അനീഷിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ അനീഷ് മൈസൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസിന്റെ പിടിവീഴുന്നത്.
കേരളത്തില്‍ മാത്രം അനീഷിനെതിരെ അന്‍പതിലധികം കേസുകളുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ അഞ്ചും തമിഴ്‌നാട്ടില്‍ മൂന്നും കേസുകളാണ് അനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കേസുകളും വധശ്രമവുമായി ബന്ധപ്പെട്ടായിരുന്നു. അനീഷിനെ അറസ്റ്റ് ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് ശ്രമം നടത്തിയിരുന്നു. അന്ന് അനീഷിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാനാണ് ശ്രമമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അനീഷിന്റെ അനുയായി ആയിരുന്ന സിനോജ് 2021ല്‍ ദിണ്ടിഗലില്‍വെച്ച് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു അത്. കേസില്‍ ഉള്‍പ്പെട്ടിരുന്നു തൈക്കൂടം സ്വദേശിയായ പ്രതീഷ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ തമിഴ്‌നാട് ജയിലില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഭീതിയിലായിരുന്നു അനീഷ്. തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി അനീഷ് ആരോപിച്ചിരുന്നു.




