പേരാവൂർ പുതിയ ബസ്സ്റ്റാൻഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം ബസ്സുകൾക്ക് സ്റ്റാൻഡിൽ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലെന്ന് പരാതി.

പേരാവൂർ ബസ് സ്റ്റാൻഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ബസ്സുകൾക്ക് സ്റ്റാൻഡിൽ കയറാനും പാർക്ക് ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നതായി പരാതി.ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് പാർക്കിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും ബസ്സുകൾ നിർത്തിയിടേണ്ട സ്ഥലത്ത് പോലും കാറുകളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നതായാണ് ബസ് ജീവനക്കാരുടെ പരാതി.വാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നതിനാൽ ബസ്സുകൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും യാത്രക്കാരെ കയറ്റാനും ബുദ്ധിമുട്ട് നേരിടുന്നതായും ജീവനക്കാർ പറയുന്നു. പഞ്ചായത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് ടൗണിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ ബസ് സ്റ്റാൻഡിൽ ഏത് ഭാഗത്താണ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്. സ്റ്റാൻഡിൽ എത്തുന്ന വാഹന ഡ്രൈവർമാർക്ക് എവിടെയും വാഹനം പാർക്ക് ചെയ്യാമെന്ന് ധാരണയുണ്ടാകുമെന്നും ആരോപണമുണ്ട്. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ബസ് സ്റ്റാൻഡിലെ ഇത്തരത്തിലുള്ള പാർക്കിംഗ് നിയന്ത്രിച്ച് ബസുകൾക്കും യാത്രക്കാർക്കും സുഗമമായ ഗതാഗത സൗകര്യം ഉണ്ടാകണമെന്നാണ്യാത്രകരുടെ ആവശ്യം.




