ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടിയില്ല; നാഗ്പൂരിൽ 17 കാരന് ആത്മഹത്യ ചെയ്തു

ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 17 കാരൻ ആത്മഹത്യ ചെയ്തു. വിദർഭ ക്രിക്കറ്റ് അസോസിയേഷന് അടുത്തകാലത്ത് നടത്തിയ സെലക്ഷൻ റൗണ്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെടാത്തതിൽ മനംനൊന്താണ് 17 കാരന് ആത്മഹത്യ ചെയ്തത്. നാഗ്പൂരിലെ ലക്ഷ്മിനഗർ പ്രദേശത്തെ വീട്ടിൽ നിന്നും ബുധനാഴ്ച പുലർച്ചെ 5.30 ഓടെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഒരു ആത്മഹത്യ കുറിപ്പിൽ “എന്നെ തിരഞ്ഞെടുക്കപ്പെട്ടില്ല”എന്ന് ഹിന്ദിയിൽ ( “മേരാ സെലക്ഷൻ നഹി ഹുവാ”) എഴുതിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദർഭ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്ന് താരം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എങ്കിലും അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രമാണ് മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയെന്ന് ഇവർ കൂട്ടിചേർത്തു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ച് അപകട മരണ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.




