Uncategorized

ജവാൻ വാങ്ങി വില കൂടിയ വിസ്കിയാക്കി മാറ്റുന്ന പുതിയ തന്ത്രം; തലസ്ഥാന നഗരത്തിലെ വീട്ടിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം, പ്രതി പിടിയിൽ

തിരുവനന്തപുരം: ബിവറേജിൽനിന്ന് വില കുറഞ്ഞ മദ്യം വാങ്ങി രാസപദാർത്ഥങ്ങൾ ചേർത്തു വില കൂടിയ ബ്രാൻ്റ് വിസ്കികളെന്ന പേരിൽ വിൽപ്പന നടത്തുന്നയാൾ തലസ്ഥാനത്ത് പിടിയിൽ. ജവാൻ, ക്ലബ് ഹൗസ് അടക്കമുള്ള വില കുറഞ്ഞ മദ്യം വാങ്ങി, വിലയേറിയ സ്കോച്ച് ഇനത്തിൽപ്പെട്ട മദ്യമെന്ന പേരിൽ വിൽക്കുന്ന വ്യാജ മദ്യ നിർമ്മാണ കേന്ദ്രം നടത്തിവന്ന ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.

വില കുറഞ്ഞ മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബൽ, റെഡ് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജനാണ് സുൽഫിക്കർ നിർമ്മിച്ചിരുന്നത്. വില കുറഞ്ഞ മദ്യം വാങ്ങി വീട്ടിലെത്തിച്ച് ബെഡ് റൂമിൽ വെച്ച് അതിൽ എസൻസും മറ്റു ചേരുവകളും ചേർത്ത് മിക്സ്‌ ചെയ്‌ത്‌ വില കൂടിയ മദ്യത്തിന്റെ കുപ്പിയിൽ നിറച്ച് ലേബൽ ചെയ്താണ് സുൽഫിക്കർ വ്യാജമദ്യം നിർമ്മിച്ചിരുന്നത്. ഇയാളുടെ വീടിന്റെ കിടപ്പുമുറിയിൽനിന്ന് 14 ലിറ്റർ വ്യാജ മദ്യവും ബെവ്കോയിൽനിന്നു വാങ്ങിയ ആറര ലിറ്റർ മദ്യവും കണ്ടെടുത്തു.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യ റെയ്‌ഡ് നടത്തിയത്. നഗരത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരം വ്യാജ മദ്യം, വില കൂടിയ മദ്യം എന്ന പേരിൽ വിൽക്കുന്നുണ്ടെന്നു പ്രതി മൊഴി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button