BJP, കോൺഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാൻ DMK; ടിഎംസി-എഎപി-ആർജെഡി പാർട്ടികളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

ചെന്നൈ: ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ ഡിഎംകെ. സമാന ചിന്താഗതിയുള്ള പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാനാണ് ഡിഎംകെയുടെ തീരുമാനം. രണ്ട് ദേശീയ പാര്‍ട്ടികളുമായി ചേരാന്‍ താല്‍പര്യമില്ലാത്ത പ്രാദേശിക പാര്‍ട്ടികളെയാണ് ഡിഎംകെ ലക്ഷ്യം വെക്കുന്നത്.
2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ ഇങ്ങനൊരു സഖ്യത്തിനായി ആലോചനയുണ്ടായിരുന്നുവെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായിരുന്നാലും ഡിഎംകെ സഖ്യം വിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എഎപി പാര്‍ട്ടികളുമായി സംസാരിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ഡിഎംകെ നേതാവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ‘അവര്‍ക്ക് പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങളില്‍ ഈ പാര്‍ട്ടികളെല്ലാം തന്നെ കോണ്‍ഗ്രസുമായി മോശം ബന്ധത്തിലാണുള്ളത്. അവര്‍ ബിജെപി വിരുദ്ധരുമാണ്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഒറ്റയ്ക്ക് തന്നെ ബിജെപിയെ എതിര്‍ക്കും. എല്ലാം ശരിയായി വന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ ഒരു മുന്നണി രൂപപ്പെടും’, മുതിര്‍ന്ന നേതാവ് പറഞ്ഞു.
ഡിഎംകെ നിലവില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമല്ലെന്ന് കഴിഞ്ഞ ദിവസം ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കിയിരുന്നു. ‘കോണ്‍ഗ്രസ് ഭാഗമായ മുന്നണിയുടെ ഭാഗമാകില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയതാണ്. എഎപി നേരത്തെ തന്നെ മുന്നണി വിട്ടു. ഒരു ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടും’, എന്നായിരുന്നു ഇളങ്കോവന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അദാനി ബന്ധത്തെ ചൊല്ലി ഇന്‍ഡ്യ സഖ്യത്തിന്റെ യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വിമര്‍ശനമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. തന്റെ പരാമര്‍ശത്തിന് തെളിവുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് അദാനി വിഷയത്തിലേയ്ക്ക് ചര്‍ച്ച എത്തിച്ചത്. ജോണ്‍ ബ്രിട്ടാസ് തെളിവ് ചോദിച്ചപ്പോള്‍ അദാനിയെ കേരളത്തില്‍ കൊണ്ടുവന്നത് ഇടതുപക്ഷമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് തര്‍ക്കത്തിന് വഴി തെളിച്ചത്. അദാനിയുമായി കേരളത്തില്‍ ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് ആണെന്ന് ബ്രിട്ടാസ് വ്യക്തമാക്കുകയും ചെയ്തു.
കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിലുള്ള പ്രതിഷേധം ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ ഉന്നയിച്ചിരുന്നു. കെ സി വേണുഗോപാല്‍ വരെയുള്ള നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പോലുള്ള നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഇന്‍ഡ്യ മുന്നണിയുടെ പ്രസക്തിയാണ് നഷ്ടമാകുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഡീല്‍ ആരോപണത്തെ സിപിഐയും വിമര്‍ശിച്ചിരുന്നു. വിമര്‍ശനം ഉള്‍ക്കൊള്ളുന്നു എന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ വ്യക്തമാക്കി.




