Uncategorized

രാഹുൽ ഗാന്ധിയുടെ പിന്തുണ കെ.സിക്ക്? സതീശൻ്റേയും ചെന്നിത്തലയുടേയും സമ്മർദ്ദ തന്ത്രങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയെന്ന് റിപ്പോർട്ട്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന തർക്കത്തിൽ തീരുമാനമായിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമം തുടരുകയാണ്. നേരത്തെ കോൺഗ്രസ് എംഎൽഎമാരുടേയും ഘടകകക്ഷികളുടേയും മുതിർന്ന നേതാക്കളുടേയും അഭിപ്രായം തേടി എഐസിസി നിയോഗിച്ച നിരീക്ഷകർ കേരളത്തിലെത്തിയിരുന്നു.
രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനികൾ. ഇക്കൂട്ടത്തിൽ കെ.സി. വേണുഗോപാലിനാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്നാണ് എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയായി പരിഗണിക്കപ്പെടുന്ന കെ.സി. വേണുഗോപാലിന് കീഴിൽ പ്രധാനപ്പെട്ട ഒരു വകുപ്പ് വി.ഡി. സതീശന് നൽകാമെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധിയും സംസ്ഥാനത്തെ ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന നിലപാടിലാണുള്ളതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഈ തീരുമാനത്തിൽ നിരാശനായ വി.ഡി. സതീശൻ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് മുഖ്യമന്ത്രി പദവി ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും മറ്റൊരു പദവിയും വേണ്ടെന്നുമാണ് സതീശൻ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതൽ പൊതുജന പിന്തുണ ലഭിക്കുന്നത് വി.ഡി. സതീശനാണ്. മുസ്ലീം ലീഗ് പോലുള്ള യുഡിഎഫ് ഘടകകക്ഷികളും സതീശനെയാണ് പിന്തുണയ്ക്കുന്നത്.

ദേശീയ നേതൃത്വത്തിൻ്റെ നിർദേശങ്ങളോട് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒത്തുതീർപ്പിന് തയ്യാറാകാതെ നിൽക്കുന്നത് ഹൈക്കമാൻഡിൻ്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകാൻ കാരണമാകുന്നുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ രാഹുൽ ഗാന്ധി മുൻ കോൺഗ്രസ് പ്രസിഡൻ്റുമാരുടേയും നിലവിലെ വർക്കിങ് പ്രസിഡൻറുമാരുടേയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തുടരുന്ന സമ്മർദ്ദ തന്ത്രങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മെയ് നാലിന് ഫലം വന്ന പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഇതിനോടകം മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിട്ടുണ്ട്. നേരത്തെ കർണാടകയിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായതിന് സമാനമായ തർക്കങ്ങളാണ് കേരളത്തിലും കാണാനാകുന്നത്.
കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ പൊതുജനം ഇതുകണ്ട് സഹികെട്ട നിലയിലാണ്. നാണംകെട്ട് തലകുനിക്കുന്നുവെന്നും ചായക്കടയിൽ പോലും അധികം സമയമൊന്നും ഇരിക്കാനാകുന്നില്ലെന്നും നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം വിമർശനം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തർക്കം കാരണം നാലാള് കൂടുന്നിടത്ത് പോകാനാകുന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് അബ്ദുൾ ഹമീദും ഇന്ന് പരാതിപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button