ഇടുക്കിയിൽ വിവാഹ സൽക്കാരത്തിനിടെ അടി; വരന്റെ അളിയനുൾപ്പടെ എട്ടുപേർക്ക് പരുക്ക്

ഇടുക്കിയിൽ വിവാഹ സൽക്കാരത്തിനിടെ പൊരിഞ്ഞ അടി. സ്ത്രീകളടക്കം എട്ടുപേർക്ക് പരുക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് അടിപൊട്ടിയത്. പള്ളിയിലെ വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരന്റെ സഹോദരിയും ഭർത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാൻ എത്തിയത്.
കേറ്ററിങ് സർവീസുകാർ വൃത്തിയാക്കിക്കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമാണ് ഇവർ ഭക്ഷണം കഴിക്കാൻ ഇരുന്നത്. തൊട്ടപ്പുറത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തങ്ങൾ ഇരുന്നുവെന്ന് കുടുംബക്കാർ തിരിച്ചു പറഞ്ഞതോടെ വാക്കേറ്റമായി.
കയ്യിൽ കിട്ടിയ പാത്രം കൊണ്ട് കേറ്ററിങ് ഉടമയുടെ മകന്റെ തലയ്ക്ക് വരന്റെ ബന്ധുക്കളിലൊരാൾ അടിച്ചു. ഇതോടെ പൊരിഞ്ഞ അടിയായി. വരന്റെ സഹോദരിക്കും ഭർത്താവിനും മൂന്ന് കേറ്ററിങ് ജീവനക്കാരുമുൾപ്പടെ എട്ടുപേർക്ക് പരുക്കേറ്റു. ഇവരെ വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.




