മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങൾ; ഗൗതം അദാനിക്ക് ഒരു വർഷമുള്ളത് ‘മൂന്ന് പിറന്നാളു’കൾ!

കൊച്ചി: വർഷത്തിൽ ഒരാൾ എത്ര ദിവസം പിറന്നാൾ ആഘോഷിക്കും? ഒന്ന് അല്ലെ? ഈ ചോദ്യത്തിന് തന്നെ എന്ത് പ്രസക്തി എന്ന് ഒരുപക്ഷെ തോന്നിയേക്കാം. എന്നാൽ ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനി ഒരു വർഷത്തിൽ മൂന്ന് പിറന്നാളുകൾ ആഘോഷിക്കുന്നുണ്ട് എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ? ഔദ്യോഗികമായി ജനിച്ച തിയതിക്കപ്പുറം, മരണത്തെ മുഖാമുഖം കണ്ട, അതിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ട രണ്ട് തിയതികളാണ് അദാനിയുടെ മറ്റ് പിറന്നാൾ തിയതികളായി കണക്കാക്കപ്പെടുന്നത്.
1962 ജൂൺ 24നാണ് ഗൗതം അദാനി ജനിച്ചത്. അഹമ്മദാബാദിൽ ഒരു ജൈനമത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഷെത് ചിമൻലാൽ നാഗിൻദാസ് വിദ്യാലയത്തിൽ പഠനം ആരംഭിച്ച അദാനി 16-ാം വയസ്സിൽ പഠനമുപേക്ഷിച്ച് ബിസിനസിലേക്കിറങ്ങി.
അദാനിയുടെ രണ്ടാമത്തെ പിറന്നാൾ എന്ന് പറയപ്പെടുന്ന തിയതി 1998 ജനുവരി 1നാണ്. വലിയൊരു തട്ടിക്കൊണ്ടുപോകലിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത് മൂലമാണ് ഇത്തരത്തിൽ രണ്ടാം പിറന്നാൾ എന്ന് ഈ സംഭവം നടന്ന തിയതി പറയപ്പെടുന്നത്. 1998 പുതുവർഷ ദിനത്തിലാണ് ഗൗതം അദാനിയേയും സഹായിയായ ശാന്തിലാൽ പട്ടേലിനെയും ചിലർ തട്ടിക്കൊണ്ടുപോകുന്നത്. ഒരു രാത്രി അദാനിയെയും സഹായിയെയും അവർ ബന്ദികളാക്കി. 15 കോടി രൂപയാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടത്. ഇന്നത്തെപ്പോലെയല്ലെങ്കിൽ കൂടിയും, ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു അദാനി അന്ന്.അദാനി ഒരിക്കൽ കൂടി ഇത്തരത്തിൽ മരണത്തിന്റെ തൊട്ടരികിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഞെട്ടിയ മുംബൈ ഭീകരാക്രമണത്തിന്റെ സമയത്തായിരുന്നു അത്. 2008 നവംബർ 26ൽ ഭീകരാക്രമണം നടക്കുന്ന സമയത്ത് ദുബായ് പോർട്ട് സിഇഒ മുഹമ്മദ് ഷറഫുമൊത്ത് താജ് ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഗൗതം അദാനി. ബിൽ കൊടുത്തുകഴിഞ്ഞിട്ടും ഇരുവരും കഫെയിൽ തന്നെ തുടർന്നു. ഇതിനിടെയാണ് ലോബിയിൽ ഭീകരർ കടന്നുകയറി ആക്രമണം നടത്തുന്നത്. ആ സമയത്ത് ഇരുവരും ലോബിയിലേക്ക് കടന്നുചെന്നിരുന്നെങ്കിൽ ഒരുപക്ഷെ മരണപ്പെട്ടേനെ. ഹോട്ടലിലെ ഒരു ബാത്റൂമിലാണ് തീവ്രവാദികളുടെ കണ്ണ് വെട്ടിക്കാനായി അദാനി കയറിയിരുന്നത്. ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഈ ദിവസമാണ് അദാനിയുടെ മൂന്നാം പിറന്നാൾ ദിനമായി പറയപ്പെടുന്നത്.



