Uncategorized

വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി

മലപ്പുറം: വാല്‍പ്പാറ അപകടത്തിന് പിന്നാലെ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി ചികിത്സയില്‍ കഴിഞ്ഞത്. ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.

നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടര്‍മാരെത്താന്‍ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയില്‍ കുടുംബത്തിന് തൃപ്തിയില്ലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു. രണ്ട് ദിവസമായി വൈറ്റല്‍സ് നോര്‍മലല്ലായിരുന്നു. നില വഷളായപ്പോള്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ട് ഒന്നര മണിക്കൂര്‍ വൈകിയാണ് എത്തിയത്. പരാതി പറഞ്ഞപ്പോള്‍ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര്‍ മരിക്കുകയായിരുന്നു.

പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്നാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button