Uncategorized

വിരുദുനഗർ സ്ഫോടനം; പരുക്കേറ്റവരിൽ മലയാളിയും; മരണം 25 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാല സ്ഫോടനത്തിൽ പരുക്കേറ്റവരിൽ മലയാളിയും. പാലക്കാട് സ്വദേശി കബീർ ആണ് ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലുള്ളത്. പരുക്കേറ്റ മറ്റ് അഞ്ചുപേർ വിരുദുനഗർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ദുരന്തത്തിൽ പടക്കശാലയുടെ ഉടമകളായ ദമ്പതികളെ പ്രതിചേർത്ത് പൊലീസ് കേസടുത്തു. ഇരുവരും ഒളിവിലാണ്
ഉടമയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്‌ച ദിവസം പടക്ക നിർമാണ ശാലയ്ക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലെന്നും ചട്ടം ലംഘിച്ചാണ് ഇന്നലെ പ്രവർത്തിച്ചതെന്നും കലക്‌ടർ പറഞ്ഞു
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ഇതിൽ 16 പേർ സ്ത്രീകളും മൂന്ന് പേർ പുരുഷന്മാരുമാണ്. നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ആറുപേർ പരുക്കേറ്റ് ഐസിയുവിൽ ചികിത്സയിലാണ്. രക്ഷപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി ഉണ്ടായത് ആശങ്കയായി. 13 പേർക്ക് പരുക്കേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല.
3 കെട്ടിടങ്ങൾ തകർന്നു വീണു. 10 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു. കാട്ടനാർപെട്ടി ഗ്രാമത്തിലെ വനജ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.മധുരയിൽനിന്ന് 48 കിലോമീറ്റർ തെക്കാണ് വിരുദുനഗർ. തിരഞ്ഞെടുപ്പുകാലത്തു വൻതോതിൽ ഓർഡർ ലഭിച്ചതിനാൽ അവധി ദിവസവും നൂറോളം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിമരുന്നു നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു.
രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ കളക്ട‌റും എസ്പിയുമടക്കമുള്ളവർ അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. തുടർ സ്ഫോടനങ്ങൾ ഉണ്ടായതോടെ രക്ഷാപ്രവർത്തനം പലതവണ തടസ്സപ്പെട്ടു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയി. മന്ത്രിമാരുടെ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button