Uncategorized

വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും, സർചാർജും കൂടും

തിരുവനന്തപുരം കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. വെള്ളിയാഴ്‌ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂണിറ്റാണ്. 2024 മേയ് മൂന്നിലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോർഡാണു മറികടന്നിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നിട്ടുണ്ട്. ഇതു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയാണ്. കടുത്ത ചൂടിനെ തുടർന്ന് എ.സി, ഫാൻ ഉപയോഗം വർധിച്ചതും പാചകവാതക ലഭ്യതക്കുറവു മൂലം ബദൽ മാർഗങ്ങൾ സ്വീകരിച്ചതുമാണ് വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണം. കഴിഞ്ഞ വർഷത്തെക്കാൾ ദിനംപ്രതി എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വർഷത്തെ വൈദ്യുതി ഉപയോഗം.
പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയ് മാസത്തെ സർചാർജിൽ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പായി. ഏപ്രിൽ ഏഴിന് 86.58 ദശലക്ഷം യൂണിറ്റ് വരെ വാങ്ങേണ്ടിവന്നു. ഇതോടെ ഏറ്റവും കുറഞ്ഞത് യൂണിറ്റിനു പത്തുപൈസയെങ്കിലും സർചാർജ് കൂടുതൽ നൽകേണ്ടിവരും. നിലവിൽ ആവശ്യത്തിനു വൈദ്യുതി ലഭ്യമാണെങ്കിലും ആവശ്യകത ഈ തോതിൽ ഉയർന്നാൽ പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. ഉത്തരേന്ത്യയിലും പാചകവാതക ക്ഷാമം രൂക്ഷമായതിനാൽ അവിടെയും വൈദ്യുതി ആവശ്യകത ഉയർന്നാൽ വൈദ്യുതിയുടെ വില വർധിക്കും. കൂടുതൽ വൈദ്യുതിക്കായി നാഫ്ത പോലുള്ള ഉയർന്ന വിലയുള്ള ഇന്ധനം ഉപയോഗിക്കുന്ന പ്ലാൻ്റുകൾ പ്രവർത്തിപ്പിക്കേണ്ടി വന്നാൽ വില വലിയ തോതിൽ വർധിക്കും.

ഇത്തരത്തിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ അധിക വൈദ്യുതി കെഎസ്ഇബിക്ക് വാങ്ങേണ്ടി വന്നാൽ അതിൻ്റെ നിരക്ക് ഇന്ധന സർചാർജ് ആയി അടുത്ത മാസങ്ങളിൽ ബില്ലിൽ പ്രതിഫലിക്കും.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അതേസമയം, അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് കെഎസ്ഇബിയുടെ ഡാമുകളിലുള്ളത്. ഏപ്രിൽ 13ലെ കണക്കനുസരിച്ച് സംഭരണശേഷിയുടെ 37 ശതമാനം മാത്രമാണുള്ളത്. വേനൽ മഴ കുറയുക കൂടി ചെയ്തതോടെ പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ട നിലയിലാണ്. ഏപ്രിൽ 13ന് ഉപയോഗിച്ച 112.16 ദശലക്ഷം യൂണിറ്റിൽ 86.01 ദശലക്ഷം യൂണിറ്റും സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങിയതാണ്. ആദ്യന്തര ഉൽപാദനം 26.14 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 23.9 ദശലക്ഷം യൂണിറ്റും ജലവൈദ്യുതപദ്ധതികളിൽനിന്നായിരുന്നു.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് ഇന്നലെ കെഎസ്ഇബി സിഎംഡിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു ചർച്ച നടത്തിയിരുന്നു. രാത്രി സമയത്തെ വൈദ്യുതി ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാൽ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം വരുമെന്നാണു റിപ്പോർട്ട്. ഏപ്രിൽ 17ന് സംസ്ഥാനത്തെ പീക്ക് ആവശ്യം 6013 മെഗാവാട്ട് എന്ന റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇത് 6300 മെഗാവാട്ട് ആയാൽ പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയാകും. അതിൽ കൂടുതൽ വൈദ്യുതി എത്തിക്കാനാവില്ല.

ഇതോടെ നിയന്ത്രണം വേണ്ടിവരും.10-15 മിനിറ്റ് വരെ ഫീഡർ ഓഫ് ചെയ്‌ത്‌ ലോഡ് കുറയ്ക്കുന്ന നിയന്ത്രണത്തിനാണു സാധ്യത.
ലോഡ് 6000 മെഗാവാട്ടിനു മുകളിലെത്തിയതിനെത്തുടർന്ന് സംസ്ഥാനത്തു പലയിടത്തും ട്രാൻസ്ഫോമറുകൾ തകരാറിലായി. ഇതിൽ കൂടുതലും വടക്കൻ കേരളത്തിലാണ്. ട്രാൻസ്ഫോമർ ശേഷിയുടെ 90 ശതമാനം വരെ സോളർ പ്ലാന്റുള്ള സ്‌ഥലങ്ങളിലാണ് ട്രാൻസ്ഫോമറുകൾ കൂടുതൽ തകരാറിലായതെന്നും കെഎസ്ഇബി വിലയിരുത്തുന്നു. വലിയ തോതിലുള്ള ലോഡ് വ്യതിയാനം കാരണമാണിതെന്നും നിലവിലെ ട്രാൻസ്ഫോമറുകളുടെ ഘടന മാറ്റേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വൈദ്യുതി നിരക്ക് കുറയ്ക്കാം

രാത്രി വൈദ്യുതി ഉപയോഗം വർധിക്കുന്നത് ടൈം ഓഫ് ഡേ (ടിഒഡി) താരിഫിലുള്ള (പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരും പ്രതിമാസ ബില്ലിങ് ഉള്ളവരുമായ) ഉപയോക്താക്കൾക്ക് വൈദ്യുതി നിരക്ക് വർധിക്കാനിടയാക്കും. സാധാരണ വൈദ്യുതി നിരക്കിന്റെ 25% അധികനിരക്ക് വൈകിട്ട് 6നും രാത്രി 10നും ഇടയിലെ വൈദ്യുതി ഉപയോഗത്തിനു നൽകേണ്ടി വരും. ഇത് ഒഴിവാക്കാൻ രാത്രി അത്യാവശ്യമല്ലെങ്കിൽ വൈദ്യുതി ഉപയോഗിച്ചുള്ള പാചകം രാവിലെ 6നും വൈകിട്ട് 6നും ഇടയിലാക്കിയാൽ മതി. ഈ സമയത്ത് വൈദ്യുതിക്ക് സാധാരണ നിരക്കിനെക്കാൾ 10 ശതമാനം കുറവാണ്. ഇത് വൈദ്യുതി നിരക്ക് കുറയാൻ സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button