തേക്കിൻകാട് മൈതാനത്ത് നിർത്തിയിട്ട ഓട്ടോ മിസ്സിംഗ്, പൊങ്ങിയത് കൊല്ലത്ത്; പത്തനാപുരത്ത് ‘ട്രിപ്പ്’ അടിക്കവെ പൊക്കി പൊലീസ്

തൃശൂർ: തേക്കിൻകാട് മൈതാനത്തുനിന്നും ഓട്ടോറിക്ഷ മോഷണം പോയ കേസിൽ കൊല്ലം പുനലൂർ സ്വദേശിയായ സുഭാഷ് ഭവനിൽ സുഭാഷ് (35) അറസ്റ്റിൽ. ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മാർച്ച് 22നാണ് കേസിനാസ്പദമായ സംഭവം. തേക്കിൻകാട് മൈതാനത്തിൽ പാർക്കുചെയ്തിരുന്ന കാട്ടൂർ സ്വദേശിയുടെ ഓട്ടോയാണ് മോഷണം പോയത്. നിരവധി വിലപ്പെട്ട രേഖകൾ സഹിതമാണ് വാഹനം മോഷണം പോയത്. ഓട്ടോ ഉടമ പരാതി നൽകിയതിന് പിന്നാലെ ഈസ്റ്റ് പൊലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
തുടർന്ന് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ ഓട്ടോറിക്ഷ മോഷണം ചെയ്തയാളുടെ ചിത്രം പൊലീസിന് ലഭിച്ചു. ഈ ഫോട്ടോ വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചു നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലയിലെ പുനലൂരിലാണ് പ്രതിയെന്ന് പൊലീസ് മനസിലാക്കി. കൊല്ലത്തെ ഓട്ടോറിക്ഷ സ്റ്റാൻറുകളിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെപറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് പത്തനാപുരം ഭാഗത്ത് നിന്നുമാണ് സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പത്തനാപുരം പൊലീസ് സ്റ്റേഷനിലും ഒരു കേസ് നിലവിലുണ്ട്. അസിസ്റ്റൻറ് കമ്മീഷണർ ശശീധരന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻരാജ്, അനുശ്രുതി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ, സൂരജ്, റെനീഷ് (ക്യാമറ കൺട്രോൾ റൂം ) എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്




